തഴവയില്‍ വീട് കയറി ആക്രമണം നടത്തിയ പ്രതികളില്‍ ഒളിവില്‍ കഴിഞ്ഞ ഒരാള്‍ കൂടി പിടിയില്‍

Advertisement

കരുനാഗപ്പള്ളി: തഴവയില്‍ വീട് കയറി ആക്രമണം നടത്തിയ പ്രതികളില്‍ ഒളിവില്‍ കഴിഞ്ഞ ഒരാള്‍ കൂടി പിടിയില്‍. ശൂരനാട് കക്കാക്കുന്ന് പള്ളിയാട് വീട്ടില്‍ അതുല്‍കൃഷ്ണ (21) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഒന്നാം തീയതി വെളുപ്പിന് തഴവ കുറ്റിപ്പുറത്ത് അര്‍ജുനെ വധിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും സമീപമുള്ള ആറുവീടുകളില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുകയായിരുന്നു. അഞ്ച് ടൂവീലറുകളില്‍ വന്നായിരുന്നു ആക്രമണം. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. കേസില്‍ അരിനല്ലുര്‍ സ്വദേശി പ്രണവിനെ ഏതാനും ദിവസം മുന്‍പ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
മറ്റ് പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ആഷിക്, എസ്‌സിപിഒ ഹാഷിം, മനോജ് എന്നിവരടക്കം പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement