കൊല്ലം: കോടതി വെറുതെ വിട്ടയാളെ ചാത്തന്നൂര്‍ എസ്എച്ച്ഒ അതേ കേസില്‍ അറസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ എസ്എച്ച്ഒയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത.
ഇക്കാര്യത്തില്‍ ചാത്തന്നൂര്‍ എസ്എച്ച്ഒ അനൂപിന്റെ ഭാഗം കേള്‍ക്കാനും കമ്മീഷന്‍ തീരുമാനിച്ചു. കൊല്ലത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ജനുവരി 29നാണ് പരാതിക്കാരനെ പറവൂര്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയത്. പരാതിക്കാരനെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 12നാണ്. കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അര്‍ധരാത്രി പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്. വീടിന്റെ മതില്‍ ചാടി കടന്ന് ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.
പോലീസ് ജീപ്പില്‍ ഇരുന്ന് പോലീസ് ഇ-കോര്‍ട്ട് സംവിധാനം പരിശോധിച്ചപ്പോഴാണ് വെറുതെവിട്ട വിവരം മനസിലാക്കിയത്. പോലീസ് സ്റ്റേഷനില്‍ വച്ച് ഇ-കോര്‍ട്ട് സംവിധാനം മനസിലാക്കി വേണമായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.കോടതിയില്‍ നിന്നും അറസ്റ്റ് മെമ്മോ തിരികെ വിളിക്കുന്നതിലുണ്ടായ വീഴ്ച കാരണമാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിന്റെ കാരണം കുടുംബാംഗങ്ങളോട് പോലീസ് പറഞ്ഞില്ലെന്ന് പരാതിക്കാരനായ പള്ളിമണ്‍ സ്വദേശി വി.ആര്‍. അജി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട കേസ് തീര്‍ന്നതാണെന്ന് പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. വസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പോലീസ് റിപ്പോര്‍ട്ടിലില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
































