കൊട്ടാരക്കരയിൽ മകളെ യാത്രയാക്കാനെത്തിയ മാതാവ് ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു

Advertisement

കൊട്ടാരക്കര: നഴ്സിങ് വിദ്യാർഥിനിയായ മകളെ കോളജിലേക്ക് യാത്രയാക്കാൻ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തിയ മാതാവ് ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30-ഓടെയാണ് സംഭവം.
സേലത്ത് വിനായക കോളജിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കയറ്റി വിടാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ വെച്ച ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങി. വാതിൽപടിയിൽ നിന്ന് ചാടിയ മിനി ട്രെയിനിനടിയിൽപ്പെടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മിനിയെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കൽ ആൽത്തറമൂട് പഴയ കോടതിക്ക് സമീപം പച്ചക്കറി വ്യാപാരം നടത്തിവരികയാണ് ഷിബു.
മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിമിഷ ഏക മകളാണ്.

Advertisement