പൂക്കളവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്ന് ക്ഷേത്രസഭാ ഭാരവാഹികള്‍

Advertisement

തിരുവോണ ദിവസം മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലൊരുക്കിയ പൂക്കളവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്ന് ക്ഷേത്രസഭാ ഭാരവാഹികള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ അടയാളപ്പെടുത്തി പൂക്കളം തയാറാക്കിയതിനെതിരെ ഭരണസമിതി പരാതി കൊടുത്തെന്ന വാദം തെറ്റിദ്ധരിപ്പിക്കലാണ്. ഓപ്പറേഷന്‍ സിന്ദൂറിനെ ആദരപൂര്‍വമാണ് കാണുന്നതെന്നും ഭരണസമിതി വ്യക്തമാക്കി.
അത്ത പൂക്കളത്തോടൊപ്പം കൊടി വരച്ചതും അതിനൊപ്പം ഛത്രപതി ശിവജിയുടെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിച്ചതുമാണ് കേസിന് ആധാരം. ക്ഷേത്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍, ബോര്‍ഡുകള്‍ എന്നിവ നിരോധിച്ച് ഹൈക്കോടതിവിധി നിലനില്‍ക്കുന്നുണ്ട്. കൊടിയോ രാഷ്ട്രീയപാര്‍ട്ടി ചിഹ്നങ്ങളോ ഇല്ലാതെ പൂക്കളമിടാന്‍ പോലീസ് നല്‍കിയ അനുമതി ലംഘിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചത്. വരാനിരിക്കുന്ന ക്ഷേത്രഭരണസമിതി തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചിലര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ ഭക്തര്‍ തിരിച്ചറിയണമെന്നും ക്ഷേത്രസഭാ പ്രസിഡന്റ് ഗോകുലം സനില്‍, സെക്രട്ടറി സി. അശോകന്‍, ട്രഷറര്‍ എം എം ജയരാജ് എന്നിവര്‍ അറിയിച്ചു.

Advertisement