കൊല്ലം: ഒരുമണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. ചിന്നക്കട ബി.എസ്.എൻ.എൽ കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ കൊറിയർ ഡെലിവറി തൊഴിലാളിയായ വടക്കേവിള ഷാമൻസിലിൽ ഷാനവാസിനെ (49) ആണ് കടപ്പാക്കട ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന യൂണിയൻ ബാങ്കിൽ ഡെലിവറിക്ക് എത്തിയതാണ് ഷാനവാസ്. രണ്ടാംനിലയിൽ നിന്ന് ലിഫ്റ്റിൽ താഴേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റ് പ്രവർത്തനരഹിതമാവുകയായിരുന്നു. തുടർന്ന് ലിഫ്റ്രിൽ രേഖപ്പെടുത്തിയിരുന്ന നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും എമർജൻസി ബട്ടൻ ഉൾപ്പെടെ ഉപയോഗിച്ചെങ്കിലും ആരും രക്ഷപ്പെടുത്താൻ എത്തിയില്ലെന്നുമാണ് ആക്ഷേപം. തുടർന്ന് ഒരു മണിക്കൂറോളം കാത്തു നിന്ന ശേഷം യുവാവ് തന്നെയാണ് താൻ കുടുങ്ങി കിടന്ന വിവരം കടപ്പാക്കട ഫയർഫോഴ്സിനെ അറിയച്ചത്. ഉച്ചയ്ക്ക് 2.20 ഓടെ ഫയർഫോഴ്സ് എത്തിയപ്പോഴാണ് യുവാവ് ലിഫ്റ്റിൽ കുടുങ്ങിയ വിവരം കെട്ടിടത്തിലെ സുരക്ഷാജീവനക്കാർ ഉൾപ്പെടെ വിവരം അറിയുന്നത്. ലിഫ്റ്റിന്റെ അറ്റകുറ്റപണിയിൽ രണ്ടുദിവസം മുൻപ് നടത്തിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. കടപ്പാക്കട സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജി സൈമൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷെഫീക്, ലിന്റുദാസ്, ആർ.രഞ്ജിത്ത്, അഖിൽ, ഡ്രൈവർ ഹാമിൽട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
































