ശാസ്താംകോട്ടയില്‍ ഏറനാട് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

Advertisement

ശാസ്താംകോട്ടയിലെ റെയില്‍വേ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഏറനാട് എക്‌സ്പ്രസിന് സെപ്റ്റംബര്‍ 3 മുതല്‍ ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തരമായ ഇടപെടലുകളും പരിശ്രമങ്ങളുമാണ് ഈ നേട്ടത്തിന് പിന്നില്‍.

ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ഏറനാട് എക്‌സ്പ്രസിന് സ്റ്റോപ്പ് ലഭിച്ചതോടെ ശാസ്താംകോട്ടയും പരിസര പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസം ലഭിക്കുമെന്ന് ഉറപ്പാണ്. ഏറെ താമസിയാതെ തന്നെ മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ്, ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന മാവേലി എക്‌സ്പ്രസ് എന്നിവയ്ക്കും ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കൂടാതെ, ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ സ്റ്റോപ്പിനായുള്ള പരിശ്രമങ്ങളും തുടര്‍ന്നു വരികയാണ്.

കഴിഞ്ഞാഴ്ച അനുവദിച്ച 7 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് മികവുറ്റ സൗകര്യങ്ങള്‍ നല്‍കുന്ന മാതൃകാ സ്റ്റേഷനായി മാറുമെന്ന് വിശ്വാസം രേഖപ്പെടുത്തുന്നു.

നിലവില്‍ അനുവദിക്കപ്പെടുന്ന ഭൂരിപക്ഷം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കും, യാത്രക്കാരുടെ ആവശ്യം മാനിച്ച് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് ഉറപ്പാക്കുവാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ തുടര്‍ച്ചയായി നടത്തിവരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

Advertisement