യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് സംഘർഷം: ഒരാൾക്ക് കുത്തേറ്റു, പ്രതി പിടിയിൽ

Advertisement

കൊല്ലം: യു.പി.ഐ ഇടപാടുമായിട്ട് ബന്ധപ്പെട്ട് നല്ലില പള്ളിവേട്ട കാവിൽ ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. നല്ലില, ലിജോ ഭവനിൽ ജോയി (55) ക്കാണ് കുത്തേറ്റത്. സംഭവത്തിൽ നല്ലില എബി ഭവനിൽ എബി ജോർജി(45) നെ  കണ്ണനല്ലൂർ പൊലിസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിൽ നേരത്തെ പരിചയക്കാരാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എബി ജോർജ് ജോയിയുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് 200 രൂപ അയച്ച ശേഷം പണം പണമായി തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഗൂഗിൾ പേയിൽ പണം ലഭിച്ചിട്ടില്ലെന്ന് ജോയി പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനെത്തുടർന്ന് എബി ജോർജ് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് ജോയിയുടെ വയറ്റിൽ കുത്തുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കണ്ണനല്ലൂർ പൊലിസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഇൻസ്പെക്ടർ ആൻഡ്രിക് ഡൊമനിക്, എസ്.ഐ. ജിബി, സന്തോഷ്, രാജേന്ദ്രൻ പിള്ള, അജയൻ, സി.പി.ഒ.മാരായ പ്രജീഷ്, മനാഫ്, നുജുമുദീൻ, ജിജോ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.

Advertisement