ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതി സന്ദീപിന്റെ ഭാര്യ മൊഴിനൽകി

Advertisement

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് നേരത്തെ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ഇയാളുടെ ഭാര്യ മൊഴിനൽകി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് മുമ്പാകെ നടന്ന വിസ്താരത്തിലാണ് തന്നെ കത്താൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ചിരുന്നതായി സാക്ഷി മൊഴി നൽകിയത്.

സന്ദീപിനെ ഭയന്ന് 2018 ഡിസംബർ മുതൽ താൻ കുട്ടികളുമായി മാറിത്താമസിക്കുകയാണെന്നും അവർ പറഞ്ഞു.
കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായി സന്ദീപിൻ്റെ ഭാര്യയെ വിസ്തരിക്കുവാൻ ഉദ്ദേശിക്കുന്നതായി  സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചപ്പോൾ പ്രതിഭാഗം അതിനെതിരേ ശക്തമായി എതിർത്തിരുന്നു. എന്നാൽ, ഭാര്യാഭർത്തൃ ജീവിതത്തിൽ നിയമത്തിൻ്റെ പരിരക്ഷയുള്ള സംഭാഷണങ്ങൾ ഒഴികെയുള്ളതായ വിവരങ്ങൾ കോടതിയിൽ തെളിവായി സ്വീകരിക്കുന്നതിന് നിയമപരമായി തടസങ്ങൾ ഇല്ലെന്നും അതുകൊണ്ടുതന്നെ പ്രതിയുടെ ഭാര്യയെ സാക്ഷിയായി കോടതിയിൽ വിസ്തരിക്കുന്നതിനെ നിയമപരമായി തടയുവാൻ സാധിക്കില്ലയെന്നുമുള്ള വാദമാണ് പ്രോസിക്യൂഷൻ ഉയർത്തിയത്. തുടർന്ന് കോടതി പ്രതിഭാഗത്തിൻ്റെ തർക്കം തള്ളി, സാക്ഷി വിസ്താരത്തിന് അനുമതി നൽകുകയായിരുന്നു.
കേസിലെ മറ്റൊരു സാക്ഷിയും പ്രതിയുടെ  ബന്ധുവുമായ രാജേന്ദ്രൻ പിള്ളയുടെ സാക്ഷി വിസ്താരവും പൂർത്തിയായി.
തുടർസാക്ഷി വിസ്താരത്തിൻ്റെ തീയതി സെപ്റ്റംബർ 2 ന് തീരുമാനിക്കും.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ ,അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ ഹാജരായി.

Advertisement