
ദേശീയപാത 183-ന്റെ വികസന പദ്ധതിക്കുള്ള അനുമതി ദേശീയപാത മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയിലാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ നിര്‍ദ്ദിഷ്ഠ പദ്ധതിക്ക് അനുമതി നല്‍കുന്ന തരത്തില്‍ ഭരണ നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 24 മീറ്റര്‍ വീതിയില്‍ 4 വരി പാതയായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടി റോഡ് വികസിപ്പിക്കാനാണ് പദ്ധതി. 54.37 കിലോമീറ്റര്‍ ദൂരം 1993.2 കോടി രൂപ ചിലവില്‍ കൊല്ലം – ബൈപ്പാസ് മുതല്‍ ആഞ്ഞലിമൂട് വരെയുളള വികസന പദ്ധതിയാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുളളത്. കഴിഞ്ഞ 25 വര്‍ഷക്കാലമായി പഴയ ദേശീയപാത 83 (പുതിയ ദേശീയപാത 183) ന്റെ സമഗ്ര വികസനം നടന്നിരുന്നില്ല. ദേശീയപാത വികസനത്തിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത മന്ത്രാലയം പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായത്. ദേശീയപാതയിലെ വാഹനഗതാഗതം സമഗ്രവും കാര്യക്ഷമതവും സുരക്ഷിതവുമായി സാദ്ധ്യമാക്കുന്നതിനും വാഹനങ്ങളുടെ ഇന്ധന ചിലവും യാത്രാസമയവും കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച ശ്രീകണ്‌ഠേയ സി.വി.കാന്ത് സംയുക്ത സംരംഭ കണ്‍സള്‍ട്ടന്‍സി സമര്‍പ്പിച്ച രണ്ട് പാക്കേജുകള്‍ ഐ.എഫ്.ഡി അംഗീകരിച്ചു. പ്രദേശത്തിന്റെ സാമ്പത്തിക അഭിവൃദ്ധി വ്യവസായിക കാര്‍ഷിക വിനോദസഞ്ചാര മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് പരമാവധി തൊഴിലവസരം സൃഷ്ടിക്കുന്നതിനുളള ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിട്ടുളള പദ്ധതിയാണ് മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയിലുളളത്. ദേശീയപാത മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പരിഗണനയ്ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിനായി സമര്‍പ്പിച്ചിട്ടുളളത്. ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് സെക്രട്ടറി ചെയര്‍മാനും നീതി ആയോഗ്, ധനകാര്യം, നിയമകാര്യം തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അംഗങ്ങളായിട്ടുളള ഫിന്‍നാസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം കൂടി അനുമതി നല്‍കുക എന്നുളളതാണ് പ്രധാനമായുമുളള ഭരണപരമായ നടപടിക്രമം. വിവിധ വകുപ്പുകളിലെ പ്രതിനിധികളുടെ ഫിനാന്‍സ് സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്ത് വിഷയം പരിഗണിക്കുന്നതിനുളള സത്വര നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിട്ടുളളതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.































