കുണ്ടറ ഷാജില കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Advertisement

കൊല്ലം: കുണ്ടറ കേരളപുരം അഞ്ചുമുക്ക് ഒമർ കോട്ടേജിൽ ഷാജിലയെ (42) കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
കേരളപുരം കരിമ്പിൻകര കുന്നും പുറത്ത് വീട്ടിൽ അനീഷ് കുട്ടിയെയാണ് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും കൊല്ലം അഞ്ചാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. ഇയാൾ ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
നിഷ്ഠുരവും ഭയാനകവുമായ കൊലപാതകം നടത്തിയ പ്രതിക്ക് അർഹമായ ശിക്ഷ നൽകണമെന്ന് ഇന്നലെ നടന്ന ഹിയറിംഗിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2019 ഡിസംബർ 11 ന് രാവിലെ ഒമ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ഏഴ് വയസുള്ള മകളെ സമീപത്തെ ബസ് സ്റ്റാൻ്റിൽ എത്തി സ്കൂൾ ബസിൽ കയറ്റി വിട്ട ശേഷം തിരികെ വീട്ടിലേക്ക് വന്ന ഷാജിലയെ കത്തിയുമായി കാത്ത് നിന്ന് പ്രതി കത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ കുണ്ടറ പോലീസ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കുത്തേറ്റ 41 മുറിവുകൾ ഉണ്ടായിരുന്നു.
നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2023 ഓഗസ്റ്റ് 12 നാണ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. രണ്ട് വർഷത്തിനിടെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 40 സാക്ഷികളെ വിസ്തരിച്ചു. 68 രേഖകളും 13 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി ഹാജരാക്കി.
പ്രതിഭാഗം ഒമ്പത് സാക്ഷികളെയും വിസ്തരിച്ചു.
സിഐ ജയകൃഷ്ണനാണ് അന്വേഷണം നടത്തി 90 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ദൃക്സാക്ഷികളിൽ ചിലർ കുറുമാറിയെങ്കിലും അവരുടെ മൊഴികളിലെ ചില ഭാഗങ്ങൾ കോടതി തെളിവായി പരിഗണിക്കുകയുണ്ടായി.
പ്രോസിക്യൂഷൻ ഭാഗത്തേയ്ക്ക് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ.സീന അടക്കം നാല് ഡോക്ടർമാരെയും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലെ രണ്ട് സയൻ്റിഫിക് ഓഫീസർമാരെയും വിസ്തരിച്ചു.
മരിച്ച ഷാജിലയുടെ രക്തം പ്രതിയുടെ ഡ്രസിൽ കണ്ടെത്തിയ രാസ പരിശോധനാ ഫലവും കോടതി തെളിവായി സ്വീകരിച്ചു.
രണ്ട് മൈനർ കുട്ടികളുടെ മാതാവായ ഷാജില ട്യൂഷൻ സെൻ്ററിലെ അധ്യാപികയായിരുന്നു. ഭർത്താവ് ഗൾഫിൽ ആയിരുന്നു.
ഷാജിലയെയും കുടുംബത്തെയും പ്രതി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളും കുണ്ടറ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഇവയും തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
മെഡിക്കൽ – ഫോറൻസിക് തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ആർ. സേതുനാഥ് ആണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടർ ജയ കമലാസനൻ, അഭിഭാഷകരായ മിലൻ എം. മാത്യു, എസ്. പി. പാർഥസാരഥി, ബി.അമീന എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
സിവിൽ പോലീസ് ഓഫീസർ അനിൽ കുമാർ, കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വി രമേഷ് കുമാർ  എന്നിവരാണ് പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചത്.

Advertisement