കൊല്ലം: ഇടമുളയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുള്ള എണ്‍പത്തിയേഴുകാരന് നിക്ഷേപം തിരികെ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.ഗീത ബാങ്ക് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
തുക നല്‍കി രണ്ടുമാസത്തിനകം തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പരാതിക്കാരന്റെ അധ്വാനത്തിന്റെ ബാക്കിയാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും രോഗശയ്യയിലായ വയോധികന് ചികിത്സയ്ക്ക് ധാരാളം പണചെലവുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ബാങ്കിന്റെ മുന്‍ സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് കോടികള്‍ ക്രമക്കേട് നടത്തിയതു കാരണം ബാങ്ക് പ്രതിസന്ധിയിലാണെന്ന് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന് നഷ്ടമായ തുക തിരികെപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണവും നടന്നുവരികയാണ്.
ക്രമക്കേട് നടത്തിയവരില്‍ നിന്നും അപഹരണ തുക ഈടാക്കിയാല്‍ മാത്രമേ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പരാതിക്കാരന്റെ നിക്ഷേപം തിരികെ നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബാങ്കിലെത്തി ബഹളമുണ്ടാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കുന്നുണ്ടെന്ന് പിതാവ് എം. ജി. ജോണിന് വേണ്ടി മകന്‍ ആയൂര്‍ നീരായിക്കോട് സ്വദേശി റോബര്‍ട്ട് ജോണ്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
































