‘
പവിത്രേശ്വരം:ബെസ്റ്റ് ഫ്രണ്ട്സിൻ്റെ ബെസ്റ്റ് ഐഡിയ തരിശു ഭൂമിയിൽ യാഥാർത്ഥ്യമായപ്പോൾ വിളഞ്ഞത് നൂറുമേനി വിളവ്.പവിത്രേശ്വരം പഞ്ചായത്തിലെ ഭജനമഠം വാർഡിലാണ് ഭൂമിയിൽ പൊന്നു വിളയിക്കുന്ന ഈ ബെസ്റ്റ് ഫ്രണ്ട്സിൻ്റെ വിജയഗാഥ.ഓരോണത്തിന് തിരുവാതിര കളിക്കാൻ ഒത്തുകൂടിയവരാണ് ‘ബെസ്റ്റ് ഫ്രണ്ട്സ്’.അന്നത്തെ സൗഹൃദം തിരുവാതിര കഴിഞ്ഞ് പിരിഞ്ഞപ്പോഴും എല്ലാവരുടെയും മനസ്സിൽ മായാതെ നിന്നു.ആ ബന്ധം ഊട്ടിയുറപ്പിക്കാൻ എന്തുചെയ്യണമെന്ന ചിന്തയിൽ നിന്നാണ് 10 വർഷമായി തരിശുകിടന്ന ഒരേക്കർ ഭൂമിക്ക് ജീവൻ നൽകുക എന്ന ആശയത്തിലേക്ക് എത്തിയത്.അങ്ങനെയാണ് ഭജനമഠം വാർഡിലെ ബെസ്റ്റ് ഫ്രണ്ട്സ്’ കൃഷിക്കൂട്ടത്തിൻ്റെ പിറവി.സർക്കാർ ജീവനക്കാർ മുതൽ വീട്ടമ്മമാർവരെ ഉൾപ്പെട്ട ഒൻപതംഗ സംഘമാണ് ഈ കാർഷിക വിപ്ലവത്തിന് പിന്നിൽ.കൂട്ടത്തിൽ ഒരേയൊരു പുരുഷസാന്നിധ്യമായി മുൻവർഷത്തെ മികച്ച കർഷകൻ കൂടിയായ അനിൽ മംഗല്യയുമുണ്ട്.വൈകുന്നേരം കൃത്യം 5ന് തന്നെ 9 പേരും കൃഷിയിടത്തിൽ ഒത്തുചേരും.പിന്നെ ഒന്നര മണിക്കൂറോളം വിളപരിപാലനം,കള പറിക്കൽ, വളപ്രയോഗം,ഒടുവിൽ സൗഹൃദം പങ്കുവെച്ച് മനസ്സുനിറഞ്ഞ് മടങ്ങും.ഇതാണ് ഇവരുടെ ദിനചര്യ.തുടക്കത്തിൽ പച്ചക്കറിയായിരുന്നു പ്രധാന കൃഷി.അത് വലിയ വിജയമായതോടെ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു.തണ്ണിമത്തൻ കൃഷിയിൽ നഷ്ടം സംഭവിക്കുമെന്ന് ആശങ്കപ്പെട്ടവരെ ഞെട്ടിച്ചുകൊണ്ട് ആയിരം കിലോയിലധികം വിളവാണ് ഇവർ നേടിയത്.ഈ വർഷവും ബന്തിപ്പൂവിൽ തന്നെ തുടക്കം.ജൂൺ ആദ്യവാരം ഇറക്കിയ 900 ചെടികളിൽ നിന്ന് മൂന്നാഴ്ച കൊണ്ട് 250 കിലോ പൂവാണ് വിറ്റഴിച്ചത്.വരുമാനം 12,000 രൂപ.ഈ സീസണിൽ 800 കിലോയോളം പ്രതീക്ഷിക്കുന്നു.തമിഴ്‌നാട്ടിൽ നിന്ന് വരവ് കുറവായതിനാൽ 80 രൂപ വരെ വില ലഭിക്കുന്നുണ്ട്.ഇത് മുൻകൂട്ടി കണ്ടാണ് നേരത്തേ കൃഷി തുടങ്ങിയത്.നാടൻ ബന്തിപ്പൂവിന് ആവശ്യക്കാർ ഏറെയാണെന്ന് മാത്രമല്ല,തണ്ടിന് കട്ടികുറവായതിനാൽ മാലകെട്ടാനും എളുപ്പമാണ്.കൃഷിയിടത്തിൽ വെണ്ട,തക്കാളി,പച്ചമുളക്,വഴുതന,അമരപ്പയർ,വെള്ളരി,പപ്പായ എന്നിവയും സമൃദ്ധമായി വളരുന്നുണ്ട്.ഇവയെല്ലാം ഓണത്തിന് വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ സൗഹൃദക്കൂട്ടായ്മ.പവിത്രേശ്വരം കൃഷിഭവന്റെയും പഞ്ചായത്തിന്റെയും പൂർണ്ണ പിന്തുണയാണ് ഇവരുടെ ഊർജ്ജം.ഇവരുടെ ആത്മാർത്ഥത മനസ്സിലാക്കിയ ഭൂമി ഉടമ അച്ചൻകുഞ്ഞ് ഇതുവരെ പാട്ടക്കൂലി വാങ്ങാൻ പോലും തയ്യാറായിട്ടില്ല.ദിവസം ഒരു മണിക്കൂർ മാറ്റിവെച്ചാൽ ആർക്കും വിജയിക്കാമെന്ന ഇവരുടെ അനുഭവ സാക്ഷ്യം വെറും വാക്കല്ലെന്ന് നാടറിയുന്നു.മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന പുരസ്‌കാര ജേതാവായ കിഴക്കേ കല്ലട കൃഷിഭവനിലെ അസി.കൃഷി ഓഫിസർ രത്നകുമാരി,അങ്കണവാടി ജീവനക്കാരായ സുനികുമാരി,മിനിമോൾ,ഹരിത കർമസേനാംഗം അജിത സുരേഷ്,നഴ്‌സ് ബീന,വീട്ടമ്മമാരായ അജിത,കൃഷ്ണകുമാരി,ആശ എന്നിവർക്കൊപ്പം കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട അനിൽ മംഗല്യ എന്നിവരാണ് കൂട്ടായ്മയുടെ സാരഥികൾ.


































