പരവൂര്‍: പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ചില പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിന്മേല്‍ തുടര്‍വാദം 30ന് നടക്കും.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് എതിരെയാണ് വിടുതല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന്മേല്‍ ഇന്നലെ ചാര്‍ജ് ജഡ്ജി ആന്റണി മുമ്പാകെ പ്രതിഭാഗവും പ്രോസിക്യൂഷനും തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് 30ന് അവധിക്ക് വച്ചു.
കൊല്ലത്തെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ക്ഷേത്രഭരണ സമിതി അംഗങ്ങളായ ഒന്നുമുതല്‍ പതിനഞ്ചു വരെ പ്രതികളും കമ്പക്കെട്ടുക്കാരായ 16 മുതല്‍ 20 വരെ പ്രതികളും ഉത്സവ പരിപാടിക്ക് നേതൃത്വം നല്‍കിയ 21-ാം പ്രതിയും കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നു.
ജില്ലാ ഭരണ കൂടത്തിന്റെ അനുമതി ഇല്ലാതെയും സ്‌ഫോടക വസ്തു നിയമങ്ങള്‍ക്കും വിരുദ്ധമായി മത്സരകമ്പം നടത്തി ആളുകള്‍ക്ക് ജീവഹാനി വരുത്തിയതിന് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തി
നും പൊതുമുതല്‍ നശിപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. 22 മുതല്‍ 22 വരെയും 38 മുതല്‍ 41 വരെയുമുള്ള പ്രതികള്‍ക്ക് എതിരെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കൊലക്കുറ്റം, പോലീസ് നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കല്‍ എന്നിവയും ചുമത്തിയിട്ടുണ്ട്.
കമ്പക്കാരുടെ താത്ക്കാലിക ജീവനക്കാരായ 26 മുതല്‍ 37 വരെയും 42 മുതല്‍ 55 വരെയുമുള്ള പ്രതികള്‍ സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ക്ഷേത്രപരിസരം നല്‍കി 56-ാം പ്രതിക്ക് നേരെ ചുമത്തിയിട്ടുള്ള കുറ്റം. 57 മുതല്‍ 59 വരെയുള്ള പ്രതികള്‍ കമ്പക്കാര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കൂടുതലായി നല്‍കിയെന്ന കുറ്റത്തിലാണ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ ഗൗരവമുള്ള വകുപ്പുകള്‍ ഒഴിവാക്കണം എന്ന് അപേക്ഷിച്ചാണ് പ്രതികള്‍ അഭിഭാഷകര്‍ മുഖാന്തിരം വിടുതല്‍ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി. ജബ്ബാര്‍, അഡ്വ അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
































