കടയ്ക്കലില്‍ ഭാര്യയേയും മകനെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പതിനഞ്ച് വര്‍ഷം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടയ്ക്കല്‍ കോട്ടുക്കല്‍ ചെറുകുളം സലിജാ മന്‍സിലില്‍ സെയ്ഫുദ്ദീന്‍ (49) നെയാണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എ. ഷാനവാസ് ശിക്ഷിച്ചത്. ഭാര്യ സലിജ (41), മകന്‍ മുഹമ്മദ് അക്ബര്‍ (21), ഭാര്യാമാതാവ് ചെറുകുളം പത്തായിക്കുഴി സലിജാമന്‍സിലില്‍ ഷാമില (59), എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് വിധി. വധശ്രമത്തിന് പത്ത് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കടന്നെന്ന കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 25 നായിരുന്നു സംഭവം.
































