
ദേശീയപാത 183-ന്റെ വികസന പദ്ധതിയ്ക്ക് എത്രയും പെട്ടെന്ന് അംഗീകാരം നല്‍കണമെന്നും, കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ കടവൂര്‍ വരെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും, ഭരണികാവ് മുതല്‍ ടൈറ്റാനിയം ജംഗ്ഷന്‍ വരെ പുതിയ ദേശീയപാത 183 എ യക്ക് അംഗീകാരം നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം ലോകസഭയില്‍ ഉന്നയിച്ചത്. ദേശീയപാത 183 ന്റെ വികസന പദ്ധതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. എന്നാല്‍ പദ്ധതിയ്ക്ക് നാളിതുവരെയായി അംഗീകാരം നല്‍കിയിട്ടില്ല. പദ്ധതിയുടെ അലൈന്‍മെന്റ് തയ്യാറാക്കിയപ്പോള്‍ കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ കടവൂര്‍ വരെയുളള ഭാഗം അലൈന്‍മെന്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. കൊല്ലം പ്രധാനപ്പെട്ട നഗരമാണ്. കൊല്ലം നഗരത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണ് കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ – കടവൂര്‍ റോഡ്. റോഡില്‍ വലിയ ഗതാഗത തിരക്കാണുളളത്. വികസന പദ്ധതിയില്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ – കടവൂര്‍ റോഡ് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ ഗതാഗത കുരുക്കുണ്ടാകും. പ്രസ്തുത റോഡ് കൂടി ഉള്‍പ്പെടുത്തി വികസന പദ്ധതിയ്ക്ക് അടിയന്തരമായി അംഗീകാരം നല്‍കേണ്ടത് അനിവാര്യമാണ്. ഭരണിക്കാവ് മുതല്‍ ടൈറ്റാനിയം ജംഗ്ഷന്‍ വരെ ദേശീയപാത 183 എ ആയി പ്രഖ്യാപിക്കുന്നതിനുളള നിര്‍ദ്ദേശവും മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അടിയന്തിരമായി വിഷയത്തില്‍ ഇടപ്പെട്ട് ദേശീയപാത 183 ന്റെ സമഗ്രവികസനവും അതോടൊപ്പം 183 എ യുടെ വികസനവും സാദ്ധ്യമാക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.































