ഗ്രാവിറ്റി കൾച്ചറൽ സെൻ്റർ പ്രവർത്തനം തുടങ്ങി

Advertisement

കരുനാഗപ്പള്ളി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന നാടകങ്ങളും പെർഫോമിങ് ആർട്ടുകളും കരുനാഗപ്പള്ളിയിൽ അവതരിപ്പിക്കുന്നതിനുള്ള സ്ഥിരം വേദി എന്ന നിലയിൽ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങുന്ന ഗ്രാവിറ്റി കൾച്ചറൽ തീയേറ്റർ പ്രവർത്തനോദ്ഘാടനം നടന്നു. കരുനാഗപ്പള്ളി കെ സി സെൻ്റർ, ഗ്രാൻഡ് ഇ മസ്കറ്റ് ഹോട്ടൽ ഹാളിലെ അഹമ്മദ് മുസ്ല്ലിം സ്മൃതി കേന്ദ്രത്തിൽ തീയേറ്ററിൻ്റെ ലോഗോ പ്രകാശനം എം മുകേഷ് എംഎൽഎ നിർവ്വഹിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജനും യൂടൂബ് ചാനലിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും നിർവ്വഹിച്ചു.പ്രസിഡൻ്റ് ബി കൃഷ്ണകുമാർ അധ്യക്ഷനായി.എസ് ജയകൃഷ്ണൻ,
എൻ വിശ്വംഭരൻ, വി വിമൽറോയ് എന്നിവർ സംസാരിച്ചു.സംഘടനയുടെ നേതൃത്വത്തിൽ ഒ വി വിജയൻ്റെ കൃതിയെ അടിസ്ഥാനമാക്കി ദീപൻ ശിവരാമൻ തയ്യാറാക്കിയ ഇതിഹാസ നാടകമായ ‘ഖസാക്കിൻ്റെ ഇതിഹാസം ‘ ഡിസംബർ 27 മുതൽ 30 വരെ കരുനാഗപ്പള്ളിയിൽ അവതരിപ്പിക്കും.
നാടകാവതരണത്തോടനുബന്ധിച്ച് ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ചുമാസം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധങ്ങളായ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. 27ന് ചവറയിലെ ഒഎൻവിയുടെ നമ്പ്യാടിക്കൽ തറവാട്ടിൽ നടക്കുന്ന പരിപാടി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചവറ കെ എസ്. പിള്ള അധ്യക്ഷനാകും. നാടകഗാനങ്ങളുടെ അവതരണവും നടക്കും. സെപ്റ്റംബർ 6ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ഒ വി വിജയൻ്റെ ശില്പത്തിൻ്റെ അനാശ്ഛാദനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി നിർവഹിക്കും. സെപ്റ്റംബർ 13ന് വൈകിട്ട് നാലിന് കെ സി സെൻ്റർ ഹാളിൽ നടക്കുന്ന കൂട്ടായ്മ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് 6.30ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ പെൺ നടൻ നാടകവും അരങ്ങേറും.

Advertisement