ശാസ്താംകോട്ട:ഭരണിക്കാവ് സ്റ്റാൻ്റിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടെന്ന് ബസ്സുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി -കുന്നത്തൂർ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.ആദ്യഘട്ടമെന്ന നിലയിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.നിയമ നടപടികളുമായി സുപ്രീം കോടതിയിൽ വരെ പോകേണ്ടി വന്നാൽ അതിനും മടിക്കില്ല.ജീവനക്കാരെ മർദ്ദിച്ച വ്യാപാരികൾക്കെതിരെ നടപടി എടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.എന്നാൽ ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ സർവ്വീസ് നിർത്തിവച്ചും സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചുമുള്ള സമരത്തിലേക്ക് തങ്ങൾ കടക്കും.സ്റ്റാൻ്റിൻ്റെ പ്രവർത്തനം പൊളിക്കുന്നത് പ്രൈവറ്റ് ബസുകാരായിരുന്നു എന്നാണ് പരക്കെ ആക്ഷേപം ഉയർന്നിരുന്നത്.സ്റ്റാൻ്റ് പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതോടെ ടൗണിലെ ഗതാഗത കുരുക്കിനും പരിഹാരമായിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് മാറ്റി ഹൈമാസ്റ്റ് സ്ഥാപിക്കാവുന്നതാണ്.പോരായ്മകൾ ഉണ്ടെങ്കിലും തങ്ങളും യാത്രക്കാരും തൃപ്തരാണ്.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തരാമെന്ന് ശാസ്താംകോട്ട പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.വ്യപാര സ്ഥാപനങ്ങളുടെ മുന്നിലുള്ള ബസ് വേകളിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാൻ ഇവിടങ്ങളിൽ പാർക്ക് ചെയ്തിട്ടുള്ള സ്വകാര്യ വാഹനങ്ങൾ മൂലം കഴിയാതെ വരുമ്പോൾ ഗതാഗത കുരുക്ക് ഉണ്ടാകുകയും ഈ സമയം ചില വ്യാപാരികൾ ഇതിൻ്റെ ഉത്തരവാദിത്വം ബസുകളുടെ മേൽ അടിച്ചേൽപ്പിക്കാൻ ബസുകളുടെ ഫോട്ടോകൾ മാത്രം കൃത്രിമമായി എടുത്ത് പോലീസ്,ആർടിഒ എന്നിവർക്ക് അയച്ചു കൊടുത്ത് വൻ തുക പിഴ അടപ്പിക്കുന്നത് പതിവാണെന്നും ബസുടമകൾ ആരോപിക്കുന്നു.സ്റ്റാൻ്റിനോട് ചേർന്നുള്ള ഭൂമി ബസ് ഉടമകൾ വാങ്ങിയതായുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികളായ കുമ്പളത്ത് രാജേന്ദ്രൻ,അഷ്റഫ് സഫ,അൻവർ സുൽത്താൻ,ബിജു പനപ്പെട്ടി എന്നിവർ അറിയിച്ചു.
































