രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് അവബോധമുള്ള തലമുറകളെ വാർത്തെടുക്കാൻ ഭരണഘടനയുടെ ആമുഖം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി, തുല്യത എന്നിവ പാലിക്കാൻ ഓരോ കേരളീയരും പ്രതിജ്ഞാബദ്ധരാണ്. ആശ്രാമം മൈതാനത്ത് 79 -മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മതസൗഹാർദവും സാമൂഹിക ഐക്യവുമാണ് കേരളത്തിന്റെ ശക്തി. വർഗീയമായ വിഭജനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കേരളത്തിനായി. വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും മതേതര മൂല്യങ്ങൾ വരും തലമുറയ്ക്ക് പകർന്നു നൽകണം. ഓരോ പൗരനും വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവിയാണ് നിർണയിക്കുന്നത്. കേരളത്തിലെ ജനാധിപത്യ അവകാശ സംരക്ഷണം ലോകത്തിനാകെ മാതൃകയാണ്.
നവകേരളം മത – ജാതി വെല്ലുവിളികളെ അതിജീവിച്ചാണ് ഇവിടെ എത്തിയത്. ജനാധിപത്യപരമായ സംവാദങ്ങളും വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. മതത്തിൻ്റെയോ ജാതിയുടെയോ പേരിൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല. എല്ലാ കുട്ടികൾക്കും ഒരേ അവകാശം, തുല്യത ഉറപ്പാക്കുന്ന വിദ്യാഭ്യാസമാണ് നൽകുന്നത്. കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തു നടപ്പാക്കി- മന്ത്രി വ്യക്തമാക്കി.
രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി നിർമൽകുമാർ സ്വീകരിച്ചു.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെ 20 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പൂയപ്പള്ളി സർക്കാർ ഹൈസ്കൂൾ കൊല്ലം റൂറൽ എസ് പി സി, ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ്, ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് എന്നിവയിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി.
കൊട്ടിയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. പ്രദീപ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ വി. ദിനേശായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. സർക്കാർ ടി.ടി.ഐയിലെ സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ് പി വിഷ്ണു പ്രദീപ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. എം നൗഷാദ് എം.എൽ.എ, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ,സബ് കലക്ടർ നിഷാന്ത് സിഹാര, ഡെപ്യൂട്ടി മേയർ എസ് ജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, കൊല്ലം തഹസിൽദാർ ജി. വിനോദ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
































