പി എസ് ബാനർജിയുടെ നാലാം ചരമവാർഷികം 15ന്

Advertisement

ശാസ്താംകോട്ട:പ്രശസ്ത നാടൻപാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ നാലാം ചരമവാർഷികം ആഗസ്റ്റ് 15-ന് ആചരിക്കും.പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക്ലോർ ആൻ്റ് ഫൈൻ ആർട്‌സും ജില്ലാ നാട്ടുകലാകാരക്കൂട്ടവും ചേർന്നാണ് ‘ഓർമ്മയിൽ ബാനർജി’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അനുസ്മരണ സമ്മേളനവും വിവിധ കലാമത്സരങ്ങളും ഉണ്ടായിരിക്കും.ചടങ്ങിൽ പി.എസ് ബാനർജി പുരസ്ക്കാരവും സമ്മാനിക്കും.കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്.10,000 രൂപയും അജയൻ കടമ്പൂർ രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
അനുസ്മരണത്തിൻ്റെ ഭാഗമായി
ബാനർജിയുടെ സമാധി സ്ഥലത്ത് ആഗസ്ത് 6ന് പുഷ്പാർച്ചന നടത്തും.15ന് രാവിലെ 10 മുതൽ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ ചിത്രരചന,നാടൻപാട്ട് മത്സരങ്ങൾ നടക്കും.വൈകിട്ട് 5 ന് പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ‘പാട്ടോളം’ എന്ന സംഗീതപരിപാടി അരങ്ങേറും.7ന് നടക്കുന്ന സമ്മേളനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.അക്കാദമി പ്രസിഡൻ്റ് സഞ്ജയ് പണിക്കർ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി. പുരസ്കാരം വിതരണം ചെയ്യും.നാടൻപാട്ട് മത്സര വിജയികൾക്ക് കോവൂർ കുഞ്ഞുമോൻ എംഎൽഎ.യും ചിത്രരചന മത്സര വിജയികൾക്ക് സി.ആർ മഹേഷ് എംഎൽഎയും സമ്മാനങ്ങൾ നൽകും. പ്രമുഖ സാഹിത്യകാരൻ കുരീപ്പുഴ ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തുമെന്നും
സംഘാടക സമിതിയായ അക്കാദമി പ്രസിഡൻ്റ് സഞ്ജയ് പണിക്കർ,സെക്രട്ടറി അഭിലാഷ് ആദി,ട്രഷറർ ഗിരീഷ് ഗോപിനാഥ്,ജി.ശങ്കരൻകുട്ടി,മത്തായി സുനിൽ,ബൈജു മലനട,സി.കെ പ്രേംകുമാർ എന്നിവർ അറിയിച്ചു.

Advertisement