കരുനാഗപ്പള്ളി . സിപിഐഎം കുലശേഖരപുരം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായ സിയാദിനും കുടുംബത്തിനും നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. സംഭവത്തിൽ സിയാദിന്റെ സഹോദരൻ ഷംനാദിന് (31) തലയ്ക്ക് വെട്ടേറ്റു.
ആക്രമണം തടയാൻ ശ്രമിച്ച പിതാവ് കുഞ്ഞുമോൻ (53) സിയാദ് (29)എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ മുൻവിരോദത്താൽ യുവാവിനെ വധിക്കാൻ വന്ന പ്രതികൾ യുവാവിന്റെ വീടിനു മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് കണ്ട് ഇറങ്ങി വന്ന സിയാദിനും കുടുംബത്തിനും നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. കുലശേഖരപുരം, കടത്തൂർ, സിയ മൻസിലിൽ മുഹമ്മദ് യാസീൻ (25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ കൂട്ടുപ്രതിയ്ക്കായി അന്വേഷണം നടത്തുകയാണെന്നും ഉടൻ പിടിയിൽ ആകുമെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം പുത്തൻ ചന്തക്ക് സമീപം ഇതേ സംഘത്തിൽ പെട്ട ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം ഉണ്ടായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.






































