ഇന്ത്യാ സഖ്യം പാഴായ ഒരു സ്വപ്നമല്ല: ബിനോയ് വിശ്വം

Advertisement

കൊല്ലം: രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ രൂപം കൊണ്ട ഇന്ത്യാ സഖ്യം പാഴായ ഒരു സ്വപ്നമല്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവര്‍ പ്രതീക്ഷിച്ച 400 സീറ്റ് നേടാന്‍ കഴിയാതിരുന്നത് സഖ്യത്തിന്റെ ശക്തികൊണ്ടാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ആര്‍ രാമചന്ദ്രന്‍ നഗറില്‍ (സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാള്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
മുഖ്യ എതിരാളിയെ തിരിച്ചറി‍ഞ്ഞാല്‍ അവരെ തോല്‍പ്പിക്കുക എന്നാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള ഐക്യത്തെപ്പറ്റിയാണ് പിന്നീട് നാം  തീരുമാനിക്കേണ്ടത്. ആ ഐക്യത്തില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കണം. ഇത്തരത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോജിച്ചുള്ള പോരാട്ടത്തിലൂടെയാണ് ലോകത്തിലെ വലിയ ഫാസിസ്റ്റായ ഹിറ്റ്ലര്‍ നിലംപതിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പൊതുവിടം വേണമെന്ന് സിപിഐ ആണ് ആദ്യം പറഞ്ഞത്. അതിനെ അനുകൂലിക്കാന്‍ അന്നാരും ഉണ്ടായിരുന്നില്ല. പിന്നീട് പല പാര്‍ട്ടികളും അത് തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ സഖ്യം യാഥാര്‍ത്ഥ്യമായത്. ഇത് സിപിഐ മുന്നോട്ടുവച്ച് ആശയത്തിന്റെ ഫലമാണ്. കോണ്‍ഗ്രസിന് യാഥാര്‍ത്ഥ്യബോധമില്ല. ലക്ഷ്യത്തെ തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുപോയി. കോണ്‍ഗ്രസിന് ഈ ദീര്‍ഘവീക്ഷണം ഇല്ലാത്തതുകൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം കെ ഡാനിയേല്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ആര്‍ വിജയകുമാര്‍ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് തുടരും.

*വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണം*
കൊല്ലം: വന്യജീവി ആക്രമണം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വർധിച്ചു വരുന്ന സാഹചര്യത്തിൽ വനം വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടുതൽ വനമേഖലയും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് അധികം ഇരയാകുന്ന സംസ്ഥാനമാണ് കേരളം. കുറച്ചു വർഷങ്ങളായി മനുഷ്യ-വന്യജീവി സംഘർഷം കൂടിവരികയാണ്. പ്രതിവർഷം ശരാശരി 40-ലേറെ മനുഷ്യർ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്ര മണത്തിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് അവരവരുടെ സ്വത്തും വിളയും നശിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. കേന്ദ്ര നിയമത്തിൽ ഒരു ഇളവും നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാൻ നിരവധി തടസങ്ങളുമുണ്ട്. വർധിച്ചുവരുന്ന വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നത് തടയാൻ പ്രധാന പ്രതിബന്ധം 1972ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമമാണ്. 1972ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്നതും, ഭേദഗതികളോടെ വാജ്പേയ് സർക്കാർ ശക്തിപ്പെടുത്തിയതുമായ വനം വന്യജീവി സംരക്ഷണ നിയമം, അടിസ്ഥാ നപരമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഉൾപ്പടെയുള്ള അവകാശങ്ങളെ നിഷേധിക്കുകയാണ്. കോർപറേറ്റുകളെ സഹായിക്കാനായി വന നിയമത്തിലെ ചട്ടങ്ങളിലും എക്സിക്യൂട്ടീവ് ഉത്തരവുകളിലും മാറ്റം വരുത്തി സംരക്ഷിത വനഭൂമി യിൽ ഖനനത്തിനും മറ്റ് വ്യവസായ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന കേന്ദ്ര സർക്കാർ, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന തരത്തിൽ നിയമം മാറ്റം വരുത്തില്ലെന്ന പിടിവാശിയിലാണ്. കേന്ദ്ര നിയമത്തിലെ കർശന വ്യവസ്ഥകൾ മാറ്റാൻ ശബ്ദമുയർത്താതെ യുഡിഎഫ് എംപിമാർ മൗനത്തിലാണ്. വന്യമൃഗ ങ്ങളുടെ ആക്രമണങ്ങൾ എൽഡിഎഫ് സർക്കാരിനെതിരെ തിരിച്ചുവിടാനാണ് ബിജെപിയും, യുഡിഎഫും ശ്രമിക്കുന്നത്. വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ അവയ്ക്കാവശ്യമായ ജലം, ഭക്ഷണം എന്നിവയുടെ ലഭ്യത വനത്തിനുള്ളിൽ ഉറപ്പു വരുത്തുന്ന പദ്ധതി വ്യാപകമാക്കണം. മലയോര ജനതയുടെ ജീവനും സ്വത്തിനും വിളകൾക്കുംസംരക്ഷണം ലഭിക്കുന്ന വിധം വനം വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.

Advertisement