ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിക്കും. പിന്നാലെ റീ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹം കൊല്ലത്തെ അതുല്യയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം. അതുല്യയുടെ പോസ്റ്റ്‌മോര്‍ട്ടം ഷാര്‍ജയില്‍ നടത്തിയിരുന്നു. അതുല്യയുടേത് ആത്മഹത്യ തന്നെയാണെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഇത് കുടുംബം വിശ്വാസത്തിലെടുത്തിട്ടില്ല. അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിൽ കുടുംബം ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അതുല്യ, സതീഷില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നു.
































