പുനലൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിന്നിൽ വെട്ടിപ്പുഴ പാലത്തിന് താഴെ തോട്ട് പുറമ്പോക്കിലെ കുടിലിൽ സ്ത്രീയും പുരുഷനും കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് കൊടതി ജഡ്ജ് പി.എൻ.വിനോദ് ആണ് വിധി പ്രസ്ഥാവിക്കുക.
വെട്ടിപ്പുഴ തോട് പുറമ്പോക്കിൽ താമസിച്ചിരുന്ന ഇന്ദിര (56), ഒപ്പമുണ്ടായിരുന്ന പത്തനാപുരം സ്വദേശി ബാബു (60) എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കറാണ് കേസിലെ പ്രതി. 2023 ഏപ്രിൽ 18ന് രാത്രി 11ന് ശേഷമായിരുന്നു കൊലപാതകം. ശങ്കർ വർഷങ്ങളായി പുനലൂരിൽ താമസിച്ചുവരികയായിരുന്നു. സംഭവത്തിന് രണ്ട് വർഷം മുമ്പ് 2021ൽ പൂയപ്പള്ളി, മരുതമൺപള്ളി സ്വദേശിനി ശാന്തയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവിൽ കഴിഞ്ഞ് വരികയായിരുന്നു പ്രതി. കൊലപാതക ദിവസം രാവിലെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
കേസിന്റെ കുറ്റപത്രം ഇങ്ങനെ: രാത്രിയോടെ മുൻപരിചയമുള്ള ഇന്ദിരയുടെ കുടിലിലേക്ക് എത്തിയ പ്രതി മദ്യം വാങ്ങിപ്പിക്കുകയും അവരുമായി ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. മദ്യപാനത്തിനിടെ പ്രതി ഇന്ദിരയെ കടന്നുപിടിക്കുകയും ഇംഗിതത്തിന് വഴങ്ങാഞ്ഞതോടെ ചവിട്ടി തറയിലിട്ടു. തുടർന്ന് ഇന്ദിരയെ അരകല്ല് കൊണ്ട് തലയിലിടിച്ചും ബാബുവിനെ ഇന്റർലോക്ക് കട്ടകൊണ്ട് ഇടിച്ചും കൊലപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുനലൂർ സി.ഐ ആയിരുന്ന ടി.രാജേഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 48 സാക്ഷികളാണുള്ളത്. 51 ഓളം രേഖകളുമുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ.ജി മുണ്ടയ്ക്കൽ എന്നിവർ ഹാജരായി.
































