കരുനാഗപ്പള്ളി > ട്രേഡ് യൂണിയൻ നേതാവ് ട്രയിൻ തട്ടി മരണപ്പെട്ടു.സിഐടിയു കരുനാഗപ്പള്ളി ഏരിയാ പ്രസിഡൻ്റ്, മരുതൂർക്കുളങ്ങര തെക്കു്, കല്ലൂരേത്ത് വി ദിവാകരൻ (71) ആണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാവിലെ പത്തരയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.മോട്ടോർ ഫെഡറേഷൻ്റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സഹപ്രവർത്തകർക്കൊപ്പം കരുനാഗപ്പള്ളി സ്റ്റേഷനിലെത്തി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോകവേ മൂന്നാമത്തെ ട്രാക്കിലൂടെ കടന്നു വന്ന ആലപ്പുഴ ഭാഗത്തേക്ക് പോയ ട്രയിൻ തട്ടിയായിരുന്നു അപകടം. സിപിഐ എം മുൻ ഏരിയാ കമ്മിറ്റി അംഗം, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗുഡ്സ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ തുടങ്ങിയ വിവിധ ട്രേഡ് യൂണിയൻ ചുമതലകളും വഹിച്ചിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ വിലാപയാത്രയോടെ സിപിഐ എം ഏരിയാ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലെ പൊതുദർശനത്തിനു ശേഷം 12 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ബേബി
മക്കൾ: ധീരജ് (വില്ലേജ് ഓഫീസർ എറണാകുളം), ദീപേഷ് (ആസ്ട്രേലിയ)
മരുമക്കൾ: ധന്യ (ഗേൾസ് എച്ച്എസ് കരുനാഗപ്പള്ളി), മെർലിൻ (ആസ്ട്രേലിയ)






































