മിൽമ കഴിഞ്ഞ വർഷം 38 കോടി രൂപയുടെ ലാഭമുണ്ടാക്കി: മന്ത്രി ജെ. ചിഞ്ചുറാണി

Advertisement



കൊല്ലം: കഴിഞ്ഞ വർഷം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ യൂണിറ്റുകളിൽ നിന്ന് മാത്രം 38 കോടി രൂപയുടെ ലാഭം മിൽമയ്ക്കുണ്ടായതായി മന്ത്രി ജെ ചിഞ്ചുറാണി.
സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കടപ്പാക്കട സ്പോർട്സ് ക്ലബിൽ മൂന്നു ദിവസമായി നടന്നു വരുന്ന കാർഷിക പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര മേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിന് ഇൻഷുറസ് പരിരക്ഷ പോലെയുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതായും ഇത്തരം പദ്ധതികൾ ക്ഷീരമേഖലയുടെ വികസനത്തിന് കാരണമായതായും മന്ത്രി കൂട്ടിചേർത്തു.
കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ. ലെനു ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് അജയഘോഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എൻ നളിനാക്ഷൻ, ജില്ലാ ഭാരവാഹികളായ കെ ജി രാധാകൃഷ്ണപിള്ള, ജി രാജേന്ദ്രൻ, കെ സോമരാജൻ, ജനയുഗം പ്രസ് മാനേജർ എസ് മോഹനചന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസർ ഡോ. ടി ഷൈൻകുമാർ എന്നിവർ പങ്കെടുത്തു. മേളയിൽ പങ്കെടുത്ത സ്റ്റാളുകൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.

Advertisement