സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈബ്രറികൾ ഉള്ള രണ്ടാമത്തെ ജില്ല കൊല്ലമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചിന്നക്കടയിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരമായ ഒഎൻവി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലാനുസൃത മാറ്റങ്ങളുടെ ഭാഗമായി ഡിജിറ്റൽ സങ്കേതങ്ങളിലൂടെ വായനയുടെ പ്രയാണം തുടരുകയാണ്. പഴയ അറിവുകളും സാഹിത്യ- പൊതു മണ്ഡലങ്ങളിലെ മണ്മറഞ്ഞ മഹാരഥന്മാരെ പുതുതലമുറ അറിയുന്നതും ഡിജിറ്റൽ വായനയിലൂടെയുമാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിലകൊള്ളുന്ന ആസ്ഥാന മന്ദിരം ജില്ലയുടെ സാംസ്‌കാരിക കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.
പുതു തലമുറയെ വായനയിലേക്ക് ആകർഷിക്കാൻ ഗ്രന്ഥശാലകളിൽ ഡിജിറ്റൽ- സൈബർ വായനയ്ക്ക് ഇടമൊരുക്കണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഒഎൻവിയുടെ ഓർമ്മകളാൽ സമ്പന്നമായ കൊല്ലം നഗരത്തിലെ ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ ആസ്ഥാനത്തിന് അദേഹത്തിന്റെ പേര് നൽകിയത് ഉചിതമായി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യപ്രഭാഷണം നടത്തിയ എം നൗഷാദ് എം എൽ എ ആസ്ഥാന മന്ദിരത്തിന്റെ തുടർ നിർമ്മാണത്തിന് 50 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ മന്ദിരത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ അധ്യക്ഷനായി. മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മേയർ ഹണി നിർവഹിച്ചു. ഒ എൻ വിയുടെ ഛായാചിത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അനാച്ഛാദനം ചെയ്തു. ഓഫീസ് ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, ഡെപ്യൂട്ടി മേയർ എസ് ജയൻ, സംസ്ഥാന- ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
































