അതിഥി അധ്യാപികയ്ക്ക് ഒരു മാസത്തിനകം വേതനം നൽകണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ

Advertisement

കൊല്ലം :  കുമ്മന്നൂർ സെന്റ് ജോൺസ് വി.എച്ച്.എസ്.എസിൽ 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെ അതിഥി അധ്യാപികയായി ജോലി ചെയ്തയാൾക്ക് ഒരു മാസത്തിനകം വേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.

കൊട്ടാരക്കര മൈലം സ്വദേശിനി റീന രാജന് വേതനം നൽകാനാണ് ഉത്തരവ്.  നിയമന ഉത്തരവ് നൽകാനുണ്ടായ കാലതാമസം കാരണമാണ് വേതനം ലഭിക്കാത്തതെന്ന് പരാതിയിൽ പറയുന്നു.

വിദ്യാഭ്യാസ ഉപമേധാവിയിൽ (കൊല്ലം) നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരിയുടെ നിയമന പ്രൊപ്പോസൽ അധികാരസ്ഥാപനങ്ങൾ നിരസിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ നിയമനശുപാർശ സമർപ്പിക്കാനുണ്ടായ കാലതാമസം സർക്കാർ മാപ്പാക്കി ഉത്തരവിറക്കിയതായും റിപ്പോർട്ടിൽ പറയുന്നു.  ഈ സാഹചര്യത്തിലാണ് വേതനം ഒരു മാസത്തിനകം നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.  അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Advertisement