മിഥുനെ രക്ഷപ്പെടുത്താൻ ആദ്യം ഓടിയെത്തിയത് അതുവഴി പോയ ഉദ്യോഗസ്ഥനായ യുവാവ്

922
Advertisement



ശാസ്താംകോട്ട:വാക്കുകളിൽ പതർച്ചയും ഓർക്കുമ്പോൾ ഭയവും നിഴലിക്കുന്ന ഒരവസ്ഥയിലാണ് തേവലക്കര സ്വദേശിയും അടൂർ അസി.രജിസ്ട്രാർ ഓഫീസിലെ എ.ഒയുമായ കാർത്തിക്ക് (32). കാർത്തിക്കിനെപ്പറ്റി കേട്ട് നിരവധി മാധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചെങ്കിലും ഒരു ചിത്രം പോലും എടുക്കാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. അവൻ രക്ഷപ്പെടണേ എന്ന് പ്രാർത്ഥിച്ചു. അത്ര റിസ്കെടുത്താണ് കാർത്തിക് ശരീരം താഴെ ഇറക്കിയത്

മാധ്യമങ്ങളിലൂടെ മിഥുൻ്റെ മരണവാർത്ത അറിഞ്ഞപ്പോൾ താങ്ങാൻ കഴിഞ്ഞില്ല.സംഭവ ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ സ്കൂളിനു സമീപത്തുകൂടി ബൈക്കിൽ വരുമ്പോൾ ചെറിയ ഗേറ്റിലൂടെ കുട്ടികൾ പരിഭ്രാന്തരായി ഓടുന്നത് കണ്ടാണ് അവിടെ ഇറങ്ങിയത്.ഉടൻ തന്നെ തൂങ്ങി കിടക്കുന്നേയെന്ന് നിലവിളിച്ചു കൊണ്ട്
ഒരു സ്ത്രീ ഓടുന്നതും കണ്ടു.ആദ്യം കരുതിയത് ആരോ മരച്ചില്ലയിൽ തൂങ്ങി നിൽക്കുന്നതായാണ്.ഇതിനാൽ ഒരു നിമിഷം ശ്രദ്ധ മുഴുവൻ അവിടെയുള്ള മരങ്ങളിലേക്ക് പോയി.കാര്യം മനസിലായപ്പോൾ ക്ലാസ്മുറിയിലേക്ക് ഓടിയെത്തി.അപ്പോൾ കുറച്ച് ജീവനക്കാർ അവിടെ പകച്ച് നിൽപ്പുണ്ട്.ഷീറ്റിന് മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ഷോക്കടിക്കാൻ സാധ്യതയുണ്ടെന്നും കയറിയാൽ അപകടമാകുമെന്നും അവർ പറഞ്ഞതായി കാർത്തിക്ക് ഓർക്കുന്നു.കുട്ടി കയറിയ ജനാലയ്ക്ക് 10 അടിയോളം ഉയരമുണ്ട്.മറ്റാരും ആ സമയം സഹായിക്കാനും ഉണ്ടായിരുന്നില്ല. തനിക്കറിയാവുന്ന സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം ഷീറ്റിട്ട ഷെഡിനു മുകളിലേക്ക് വലിഞ്ഞു കയറി.അയയിൽ തുണി വിരിച്ചതുപോലെ മിഥുൻ്റെ വയറുഭാഗം കമ്പിയിൽ തട്ടി കമിഴ്ന്നു കിടക്കുകയായിരുന്നു.കമ്പോ മറ്റ് എന്തെങ്കിലുമോ എടുത്ത് തരാൻ താഴെ നിന്ന കുട്ടികളോട് പറഞ്ഞു.ബെഞ്ചെങ്കിലും എടുത്ത് തരാൻ പറഞ്ഞപ്പോഴാണ് ഒരു ജീവനക്കാരൻ അതെടുത്ത് തന്നത്.ഈ സമയം പ്രദേശവാസിയായ ലുങ്കിയുടുത്ത ഒരാൾ വലിയ പട്ടിക കഷണവുമായി സഹായത്തിനെത്തി.കുട്ടിയുടെ കാലിൽ തൊട്ടപ്പോൾ പെരുപ്പ് അനുഭവപ്പെട്ടിരുന്നു.
ഇതിനാൽ കൈ കൊണ്ട് നേരിട്ട് തൊട്ടില്ല. ജീവൻ ഉണ്ടാകുമെന്ന് തന്നെയാണ് അപ്പോഴും കരുതിയത്.ഇതിനാൽ ബഞ്ച് കൊണ്ട് മാറ്റാൻ ശ്രമിച്ചില്ല.ആ സമയം ലൈൻ ഓഫായതായി മനസിലായി.താഴെ ആളുകൾ ഒരുപാട് കൂടി നിൽക്കുന്നുണ്ടായിരുന്നു.പട്ടിക കൊണ്ട് രണ്ട് പേരും കൂടി കുട്ടിയെ നീക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല.രണ്ടാം തവണയാണ് ലക്ഷ്യം വിജയിച്ചത്.തുടർന്ന് കുട്ടിക്ക് സിപിആർ നൽകി.അപ്പോഴേക്കും മാനസികമായി തളർന്നിരുന്നുവെന്നും ഓഫീസിലേക്ക്
പോകാതെ വീട്ടിലേക്ക് മടങ്ങിയതായും കാർത്തിക്ക് വ്യക്തമാക്കി.അധ്യാപകരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നായിരുന്നു സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചിരുന്നത്.എന്നാൽ യാഥാർത്ഥ്യം അതല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങളിലൂടെ മനസിലാക്കാൻ കഴിയുന്നത്.ഇത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ താല്പര്യമില്ലെന്നും നിരവധി ചാനലുകാർ വിളിച്ചിരുന്നതായും കാർത്തിക്ക് പറഞ്ഞു.സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അനാസ്ഥയിൽ തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ
പൊലിഞ്ഞത് കഴിഞ്ഞ ദിവസം രാവിലെയാണ്.

Advertisement