കരുനാഗപ്പള്ളി . ഒരു മാസക്കാലമായി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്കിലെമ്പാടും ഗ്രന്ഥശാലകൾ നടത്തിയ 1000 പ്രവർത്തന പരിപാടികൾക്ക് സമാപനം കുറിച്ചു കൊണ്ട് കരുനാഗപ്പള്ളിയിൽ അക്ഷരമഹാസംഗമം ശ്രദ്ധേയമായി. സംഗമം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഹരിതാസാവിത്രി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ തയാറാക്കിയ ജീവതാളം വേദിയിൽ നടക്കുന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി വിജയകുമാർ വിഷൻ – 2026 പ്രവർത്തനരേഖ അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ , സെക്രട്ടറി ഡി സുകേശൻ ,എക്സി അംഗം വി.പി.ജയപ്രകാശ് മേനോൻ , സംസ്ഥാന കൗൺസിൽ അംഗം പ്രദീപ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച ഗ്രന്ഥശാലാപ്രവർത്തകൻ വി എസ് വിനോദ്, സെക്രട്ടറി നേഹ , ലൈബ്രറിയൻ കല, ഇൻസ്റ്റാ റീഡർ ജേതാവ് ആരിത സുകുമാരൻ , ഗ്രാമദീപം പുരസ്കാര ജേതാവ് യമുന ഹരീഷ്, ബാർ കൗൺസിൽ പ്രസിഡൻ്റ് അഡ്വ പി ബി ശിവൻ, തഹസിൽദാർ എ ആർ അനീഷ് എന്നിവരെ ആദരിച്ചു.നാലാം ഇൻഡ്യൻ ലൈബ്രറി കോൺഗ്രസിൻ്റെ പോസ്റ്റർ പ്രകാശനം സ്പാനിഷ് സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായ ഡോ ഇവാൻ നിർവ്വഹിച്ചു. കലാപരിപാടികളും നടന്നു..