കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് അഞ്ചാം തവണയും അവാർഡ്

674
Advertisement

കരുനാഗപ്പള്ളി . സംസ്ഥാനത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന കായകൽപ്പ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് അഞ്ചാം തവണയും അവാർഡ് തിളക്കം. താലൂക്ക് ആശുപത്രികൾക്ക് നൽകുന്ന കമന്റേഷൻ അവാർഡിൽ 79 ശതമാനം മാർക്ക് കരസ്ഥമാക്കി ഒരുലക്ഷം രൂപയുടെ അവാർഡ് ആണ് താലൂക്ക് ആശുപത്രി ഇത്തവണ കരസ്ഥമാക്കിയത്. പോയിൻ്റ് നിലയിൽ സംസ്ഥാനത്ത് ആറാം സ്ഥാനത്താണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി.കഴിഞ്ഞ മൂന്നു തവണ ജില്ലയിൽ ഒന്നാം സ്ഥാനവും ഒരു തവണ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നേടാൻ കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് കഴിഞ്ഞിരുന്നു.

സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ രോഗികൾ ഒപിയിൽ എത്തുന്ന ആശുപത്രികളിൽ ഒന്നാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രി. മുൻ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് കിഫ്‌ബി വഴി ലഭ്യമായ 64 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ താലൂക്കാശുപത്രിയിൽ നടന്നു വരികയാണ്. തിരക്കിട്ട കെട്ടിട നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്ന പരിമിതികൾക്ക് നടുവിലാണ് ഇത്തവണത്തെ അവാർഡ് പരിശോധന നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടക്കുന്ന പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച പോയിൻ്റ് നില കരസ്ഥമാക്കിയാണ് ഇത്തവണയും അവാർഡ് നേടിയെടുത്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൺസ് പറഞ്ഞു. 9 നിലകളിലായി പണിപൂർത്തിയാകുന്ന പുതിയ കെട്ടിട സമുച്ചയം കൂടി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തു തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന ആശുപത്രിയായി താലൂക്ക് ആശുപത്രി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement