‘വിസ്‌കി കുട്ടപ്പായി’യുടെ സഞ്ചയനം കഴിഞ്ഞു….ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇങ്ങനെ ഒരു ചടങ്ങ്…

Advertisement

‘വിസ്‌കി കുട്ടപ്പായി’യുടെ സഞ്ചയനം ഇന്ന് കഴിഞ്ഞു. രാവിലെ 8ന് എഴുകോണ്‍ നിള ഇന്‍ ഹോട്ടലിലായിരുന്നു ചടങ്ങ്. ആദ്യം പ്രാര്‍ഥന, പിന്നെ അവന്റെ ഓര്‍മകള്‍ പങ്കുവച്ച് പ്രാതല്‍. കുട്ടപ്പായിയെ സ്‌നേഹിച്ചവരെയെല്ലാം സഞ്ചയനത്തിനായി ക്ഷണിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇങ്ങനെ ഒരു ചടങ്ങ്… ആരാണു വിസ്‌കി കുട്ടപ്പായി എന്നറിയുമ്പോഴാണു കൗതുകം.
കശുവണ്ടി വ്യവസായിയും എഴുകോണ്‍ നിള പാലസ് ഉടമയുമായ കൊല്ലം കടപ്പാക്കട സ്വാസ്തികയില്‍ സോമരാജന്റെയും കുടുംബത്തിന്റെയും വളര്‍ത്തുനായ ആയിരുന്നു കുട്ടപ്പായി. പഗ് ഇനത്തില്‍പെട്ട അവനെ 45 ദിവസം പ്രായമുള്ളപ്പോള്‍ സോമരാജന്റെ മകന്‍ വൈശാഖ് എറണാകുളത്തു നിന്നു കൊണ്ടുവന്നതാണ്. നല്ല തിരിച്ചറിവും വകതിരിവും ഉണ്ടായിരുന്ന നായക്കുട്ടിക്ക് അവര്‍ ‘വിസ്‌കി’ എന്നു പേരിട്ടു. ഓമനപ്പേര് ‘കുട്ടപ്പായി’. അന്നുമുതല്‍ ഊണും ഉറക്കവും എല്ലാം വീട്ടുകാര്‍ക്ക് ഒപ്പം.
വാരിക്കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബത്തിന്റെ എല്ലാ യാത്രകളിലും വിസ്‌കിയും കൂടെക്കാണും. അവന്റെ എല്ലാ പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ഇടയ്ക്ക് ഫാക്ടറികളില്‍ പോകുമ്പോള്‍ സോമരാജനും ഭാര്യയ്ക്കും ഒപ്പം വിസ്‌കിയും കൂടെയുണ്ടാകുമായിരുന്നു. തൊഴിലാളികള്‍ക്കിടയിലും പ്രിയങ്കരന്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശ്വാസംമുട്ടലിനെ തുടര്‍ന്ന് 11 വയസ്സുള്ള അവന്റെ വിയോഗം. പ്രായാധിക്യം കൊണ്ടുള്ള ഹൃദയാഘാതമായിരുന്നു മരണകാരണം.
പെട്ടിയിലായിരുന്നു അടക്കം. കര്‍മങ്ങളും ചെയ്തു. 16 കഴിഞ്ഞാല്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയില്‍ അവന്റെ ഒരു വെള്ളിരൂപം സമര്‍പ്പിക്കും. പിന്നെ സംസ്‌കരിച്ച സ്ഥലത്ത് സ്മൃതി കുടീരവും. അവിടെ വയ്ക്കാന്‍ കുട്ടപ്പായിയുടെ കുഞ്ഞു പ്രതിമയും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു സോമരാജന്റെ മകള്‍ നിള.

Advertisement