കൊല്ലം: യോഗക്ഷേമ സഭയുടെ ജില്ലാ സമ്മേളനം (പടഹധ്വനി) 12, 13 തീയതികളില്‍ നെടിയവിള അംബികോദയം എച്ച്എസ്എസി (ചെറുകോട്ട് മഠം കെവി വിനോദ് നഗര്‍) ല്‍ നടക്കും. നാളെ രാവിലെ 10ന് രണ്ടു വേദികളിലായി യുവജന വിഭാഗം, വനിതാവിഭാഗം കൗണ്‍സിലുകളും ഉച്ചയ്ക്ക് 2ന് മാതൃസഭാ കൗണ്‍സിലും നടക്കും. യുവജനവിഭാഗം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത്, വനിതാവിഭാഗം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മല്ലിക നമ്പൂതിരി, മാതൃസഭ കൗണ്‍സില്‍ യോഗക്ഷേമസഭ ദക്ഷിണ മേഖല പ്രസിഡന്റ് സതീഷ് പോറ്റി തുടങ്ങിയവര്‍ യഥാക്രമം ഉദ്ഘാടനം ചെയ്യും. കൗണ്‍സിലില്‍ ജില്ലാ ഭാരവാഹികളുടെയും നിര്‍വാഹക സമിതിയുടെയും തെരഞ്ഞെടുപ്പും നടക്കും.
13ന് രാവിലെ 9ന് പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ അച്യുതഭാരതി സ്വാമികളെ പൂര്‍ണകുംഭം നല്‍കി സമ്മേളന നഗരിയില്‍ സ്വീകരിക്കും. 500 ലധികം വനിതാ വിഭാഗം അംഗങ്ങള്‍ നയിക്കുന്ന മെഗാ തിരുവാതിരയും തുടര്‍ന്ന് ശക്തിപ്രകടനവും നടക്കും. 10ന് ജില്ലാ സമ്മേളനം ആരംഭിക്കും. അച്യുതഭാരതി സ്വാമികള്‍ ഭദ്രദീപം തെളിക്കും. സഭ അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍പോറ്റി മുഖ്യപ്രഭാഷണം നടത്തും.
ദക്ഷിണമേഖല സെക്രട്ടറി സതീഷ് പോറ്റി, സംസ്ഥാന നിര്‍വാഹക സമിതി അംഗം എസ്. ഹരികുമാര്‍ശര്‍മ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കാലാപരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ സഭ പ്രസിഡന്റ് എസ്. ശ്രീകുമാര്‍, ചെയര്‍മാന്‍ ഹരികുമാര്‍ ശര്‍മ്മ, സെക്രട്ടറി കെ.കെ. അഞ്ജലിനാഥ്, ജനറല്‍ കണ്‍വീനര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.