ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ചു യുവതിയ്ക്ക് ദാരുണാന്ത്യം. ഏനാത്ത് പിടിഞ്ഞാറ്റിന്‍കര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതില്‍ അശോകന്റെയും രമയുടെയും മകള്‍ ഐശ്വര്യ (23) മരണമടഞ്ഞത്. എം സി റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ ദന്താശുപത്രിയ്ക്കു മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. കുളക്കട ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ സപ്താഹത്തിന് ബന്ധുവും അയല്‍വാസിയുമായ ശ്രുതിയ്ക്കും മൂന്ന് വയസുള്ള കുഞ്ഞുമൊത്ത് റോഡരികിലൂടെ നടന്ന് വരികെ എതിര്‍ ദിശയില്‍ നിന്നും വന്ന മാരുതി ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുവരുന്നത് കണ്ട് ഒപ്പമുള്ള ശ്രുതിയേയും കൈക്കുഞ്ഞിനേയും തള്ളിമാറ്റി രക്ഷപെടുത്തുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കു പറ്റിയ ഐശ്വര്യയെ ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏനാത്ത് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.