കരിന്തോട്ടുവ സഹകരണ ബാങ്ക് നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

3372
Advertisement

ശാസ്താംകോട്ട: കുന്നത്തൂർ കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിലെ അറ്റൻഡർ,പ്യൂൺ നിയമനങ്ങളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി.സ്വജനപക്ഷപാതം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമന നടപടികൾ ഹൈക്കോടതി റദ്ദാക്കിയത്.മൂന്നാം തവണയും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി.ശാസ്താംകോട്ട സ്വദേശിനി സ്മിത എസ്. നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ വിധി പ്രസ്താവിച്ചത്.2019ൽ ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നടന്ന നിയമനങ്ങളിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടത്.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപുതന്നെ
ബാങ്ക് പ്രസിഡന്റിന്റെ മകനായ ഹരികൃഷ്ണൻ,രജിത,അതിര,പ്രിൻസ് എന്നിവരെ നിയമിക്കാൻ തീരുമാനിച്ചിരുന്നതായി ഹർജിക്കാരി ആരോപിച്ചിരുന്നു.ഈ പേരുകൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ സ്മിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പ്രസിഡന്റിന്റെ ഇടപെടലുകൾ ചോദ്യം ചെയ്യപ്പെട്ടു
സഹകരണ ബാങ്ക് പ്രസിഡന്റ് സനാതനൻ പിള്ള തന്റെ മകൻ ഹരികൃഷ്ണൻ സെലക്ഷൻ പ്രക്രിയയിൽ പങ്കാളിയാണെന്ന് അറിഞ്ഞിട്ടും എഴുത്ത് പരീക്ഷ നടത്താൻ പുറത്തുനിന്നുള്ള ഏജൻസിയെ ചുമതലപ്പെടുത്തുകയും നിയമന നടപടികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾ ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. കൂടാതെ, സെലക്ഷൻ നടപടികൾ സുതാര്യമായിരുന്നില്ലെന്നും മിനിറ്റ്സ് ബുക്കുകൾ തയ്യാറാക്കിയതിലും ക്രമക്കേടുകൾ ഉണ്ടെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.കോടതി ഉത്തരവുകൾ അവഗണിച്ചു
സ്മിതയുടെ ആദ്യ ഹർജിയിൽ ജോയിന്റ് രജിസ്ട്രാർക്ക് അന്വേഷണം നടത്താനും ഉചിതമായ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ജോയിന്റ് രജിസ്ട്രാർ തന്റെ മകന്റെ നിയമനത്തിൽ മാത്രമായി അന്വേഷണം ഒതുക്കി.ഇത് ചോദ്യം ചെയ്ത് സ്മിത വീണ്ടും കോടതിയിലെത്തി.രണ്ടും മൂന്നും തവണയും ഹൈക്കോടതി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടും ജോയിന്റ് രജിസ്ട്രാർ മുഴുവൻ സെലക്ഷൻ പ്രക്രിയയും പരിശോധിക്കാൻ തയ്യാറായില്ല.ഇതിനെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.മുൻപ് പലതവണ കോടതി ഇടപെട്ടിട്ടും പ്രശ്നങ്ങൾക്ക് പരിഹാരമാകാത്ത സാഹചര്യത്തിൽ ബദൽ മാർഗ്ഗമായ അപ്പീലിന് പോകാൻ നിർദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisement