കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. തട്ടാമല വടക്കേ അറ്റത്ത് വടക്കതിൽ വീട്ടിൽ അജിംഷ (32) ആണ് കൊല്ലം ഈസ്റ്റ്പൊലിസിന്റെ പിടിയിലായത്. വിപണിയിൽ അഞ്ചര ലക്ഷം രൂപ വില വരുന്ന 107 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഗർഭ നിരോധന ഉറയിൽ പൊതിഞ്ഞ് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. യോദ്ധാവ് ആപ്പിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ചോദ്യംചെയ്യലിൽ തന്റെ പക്കൽ ലഹരി വസ്തുവില്ലെന്ന നിലപാടിയിരുന്നു പ്രതി. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് വെെദ്യ പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊലിസ് നിർദേശ പ്രകാരം നടത്തിയ എക്സറേ പരിശോധനയിൽ ഇയാളുടെ സ്വകാര്യഭാഗത്ത് രണ്ട് പായ്ക്കറ്റുകൾ ഉണ്ടെന്ന് മനസിലാക്കി. സ്കാനിങ് നടത്തി ഇത് സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായത്തോടുകൂടി സ്വകാര്യഭാഗത്ത് നിന്നും എം.ഡി.എം.എ പായ്ക്കറ്റുകൾ കണ്ടെടുത്തു.
ചോദ്യംചെയ്യലിൽ കൊല്ലം നഗരത്തിൽ വിൽപനയ്ക്കായി കൊണ്ട് വന്നതാണെന്നും ബംഗളൂരുവിൽ നിന്നു വാങ്ങിയതാണ് എന്നും പ്രതി സമ്മതിച്ചു.