അഞ്ചല്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചന്ദന മോഷണ കേസുകളില്‍ പ്രതിയായ രണ്ടുപേരെ അഞ്ചല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂര്‍ സ്വദേശി മുജീബ് (49) , പാലക്കാട് നെല്ലായി സ്വദേശി അബ്ദുല്‍ അസീസ് (40) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ വനംവകുപ്പ് 2024 രജിസ്റ്റര്‍ ചെയ്ത മൂന്ന് ചന്ദന മോഷണം കേസുകളിലും 2022-ല്‍ പുനലൂര്‍ വനം കോടതി പുറപ്പെടുവിച്ച വാറണ്ടിലും ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളാണ് പിടിയിലായത്. പിടിയിലായ പ്രതികള്‍ക്കെതിരെ തൃശ്ശൂര്‍, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലും ചന്ദന മോഷണ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ പിടികൂടുന്നതിനുവേണ്ടി വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അബ്ദുല്‍ അസീസിനെ പാലക്കാട് നിന്നും മുജീബിനെ ഉമയനെല്ലൂരില്‍ നിന്നും പിടികൂടിയത്. പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിവ്യ. എസ്. പറഞ്ഞു.