കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തക്കേസിൽ നാല് പ്രതികൾ വിടുതൽ ഹർജി നൽകാൻ തീരുമാനിച്ചു. ഇന്നലെ കേസ് വിളിച്ചപ്പോൾ ഈ പ്രതികളുടെ അഭിഭാഷകരാണ് ഇതു സംബന്ധിച്ച് കോടതിയെ ബോധിപ്പിച്ചത്. ഒന്നാം പ്രതി ഉൾപ്പെടെയാണ് ഹർജി നൽകുനത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് പകർപ്പ് നൽകി, വിടുതൽ ഹർജി കോടതിയിൽ സമർപ്പിക്കാൻ പ്രത്യേക കോടതി ജഡ്‌ജി ഡോ.സി.എസ്.മോഹിത് നിർദേശിച്ചു. വിടുതൽ ഹർജി സംബന്ധിച്ചു പ്രാഥമിക വാദം കേൾക്കുന്നതിന് കേസ് 19നു പരിഗണിക്കും.
ഒന്നാം പ്രതി കൃഷ്‌ണൻകുട്ടിപിള്ള, 11-ാം പ്രതി സോമസുന്ദരൻ പിള്ള 57-ാം പ്രതി തിരുവനന്തപുരം നേമം സ്വദേശി ജിഞ്ചു, 58-ാം പ്രതി ചിറയിൻകീഴ് സ്വദേശി സലിം എന്നിവരാണ് വിടുതൽ ഹർജി ( റിവ്യൂ പെറ്റീഷൻ) നൽകുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ലാർ എന്നിവര് കോടതിയിൽ ഹാജരായി.