കരുനാഗപ്പള്ളി: സ്വർണ്ണാഭരണ നിർമ്മാണശാലയിൽ നിന്നും 90 ഗ്രാം സ്വർണ്ണവുമായി കടന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ജീവനക്കാരനും ഇയാളുടെ സഹായിയും പോലീസിന്റെ പിടിയിലായി.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിജയ് കൃഷ്ണ ബാല(29), സുഹൃത്തായ വെസ്റ്റ് ബംഗാൾ സ്വദേശി സെയ്ദ് നെയ്മത്തുള്ള(52) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണ്ണാഭരണ നിർമ്മാണശാലയിലെ ജീവനക്കാരനായിരുന്നു ബിജയ് കൃഷ്ണ.ആഭരണം നിർമ്മിക്കുന്നതിനായി സ്ഥാപനയുടമ നൽകിയ 150 ഗ്രാം സ്വർണ്ണത്തിൽ നിന്നും 90 ഗ്രാമോളം മുറിച്ചെടുത്ത ശേഷം കടന്ന് കളയുകയായിരുന്നു.
സ്ഥാപനയുടമ നൽകിയ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാനായത്.മോഷ്ടിച്ചെടുത്ത സ്വർണ്ണവുമായി തൃശ്ശൂരിലെത്തിയ ബിജയ് കൃഷ്ണ ഇയാളുടെ സുഹൃത്തായ സെയ്ദ് നെയ്മത്തുള്ളയുടെ സഹായത്തോടെ വിൽപ്പന നടത്തിയ ശേഷം മലപ്പുറം തിരൂരിലേക്ക് കടക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നും ബിജയ് കൃഷ്ണയെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ്ണം വിൽക്കാൻ സഹായിയായി പ്രവർത്തിച്ച സെയ്ദ് നെയ്മത്തുള്ളയെ പറ്റി വിവരം ലഭിക്കുന്നത്.തുടർന്ന് തൃശ്ശൂരിൽ എത്തി ഇയാളെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു.വിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, ആഷിഖ്,എ.എസ്.ഐ തമ്പി, എസ്.സി.പി.ഓ ഹാഷിം, സി.പി.ഓ മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.