കരുനാഗപ്പള്ളി . കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പരിപാടി ‘ഗുഡ് മോർണിംഗ് കരുനാഗപ്പള്ളിക്ക് ‘ശനിയാഴ്ച തുടക്കമാകും. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആശുപത്രിയിലെ കിടപ്പുരോഗികളായ 200 പേർക്ക് ദിവസേന പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. 10 രൂപ ഗുണഭോക്തൃ വിഹിതമായി താലൂക്ക് ആശുപത്രിയിലെ കുടുംബശ്രീ കൗണ്ടറിൽ അടച്ച് രോഗികൾക്ക് ഭക്ഷണം കൈപ്പറ്റാൻ കഴിയും. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ശനിയാഴ്ച രാവിലെ എട്ടിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. നഗരസഭാ സെക്രട്ടറി വി എസ് സന്ദീപ് കുമാർ പദ്ധതി വിശദീകരണം നടത്തും. വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ്, വൈസ് ചെയർപേഴ്സൺ ഷഹ്നാ നസീം, സ്ഥിരം സമിതി അധ്യക്ഷരായ ഡോ പി മീന, എം ശോഭന, എസ് ഇന്ദുലേഖ, റെജി ഫോട്ടോ പാർക്ക്, മഹേഷ് ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.