കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച: സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

427
Advertisement

കൊട്ടിയം: ഇതരസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് ആട്ടോയിലെത്തി താമസക്കാരായ തൊഴിലാളികളുടെ കഴുത്തില്‍ കത്തിവെച്ച് 20,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും അപഹരിച്ച അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രാമം മുന്നില്‍ ഓട്ടോ ഓടിക്കുന്ന ഉളിയക്കോവില്‍, ആറ്റൂര്‍ചിറ വീട്ടില്‍ ഹരികൃഷ്ണന്‍ (35), ആനന്ദവല്ലീശ്വരം ഭാഗത്തെ സര്‍വീസ് സ്റ്റേഷനില്‍ ജോലി കേരളപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെന്നൈ അരുമ്പാക്കം എംഎംഡിഎ കോളനിയില്‍ അഹമ്മദ് ഷാ (33) എന്നിവരെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 28ന് രാത്രി 9.30ന് കൊട്ടിയം പീടികമുക്കില്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഇതരസംസ്ഥാനതൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ആട്ടോയിലെത്തിയാണ് കവര്‍ച്ച നടത്തിയത്. കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരില്‍ ഹരികൃഷ്ണന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണം, അക്രമം, അബ്കാരി കേസ് ഉള്‍പ്പെടെ പത്തോളം കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
കൊട്ടിയം എസ്എച്ച്ഒ പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടിയം എസ്‌ഐ നിധിന്‍ നളന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനില്‍കുമാര്‍, ജോയ്, സിപിഒമാരായ ശംഭു, പ്രവീണ്‍ ചന്ദ്, ചന്ദു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement