കരുനാഗപ്പള്ളിയിൽ അമ്മയും ഏഴ് വയസുകാരനായ മകനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഞെട്ടൽ മാറാതെ നാട്ടുകാർ

3767
Advertisement

കരുനാഗപ്പള്ളി: അമ്മയെ കിടപ്പുമുറിയിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിലും ഏഴ് വയസുകാരനായ മകനെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി. കരുനാഗപ്പള്ളി കോഴിക്കോട് ഗോകുലത്തിൽ ഗോപകുമാറിന്റെ ഭാര്യ കൃപ (35, ശാരി), കരുനാഗപ്പള്ളി കോഴിക്കോട് എസ്.എൻ.വി എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദിദേവ് (7) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 9ഓടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ എഴുന്നേറ്റ കൃപ രാവിലെ പാചകം പൂർത്തിയാക്കി. ടൈയിൽസ് പണിക്കാരനായ ഭർത്താവ് ഗോപകുമാർ രാവിലെ കാപ്പി കഴിച്ച ശേഷം ജോലിക്ക് പോയി. എസ്.എസ്.എൽ.സി പാസായ മൂത്ത മകൾ അനുഗ്രഹ അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യത്തിന് സ്കൂളിലും പോയി. സംഭവ സമയം ഗോപകുമാറിന്റെ അമ്മ സുധർമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാമജപം കഴിഞ്ഞ് പുറത്തുവന്ന സുധർമ്മ മരുമകളെയും ചെറുമകനെയും കാണാഞ്ഞ് പുറത്തിറങ്ങി അന്വേഷിച്ചു. ഇവരെ പുറത്തെങ്ങും കാണാതായതോടെ ഇവർ കിടക്കുന്ന മുറിയുടെ വാതിലിൽ തട്ടിവിളിച്ചു. അകത്തുനിന്ന് അനക്കമൊന്നും കേൾക്കാതെ വന്നതോടെ സുധർമ്മ കതക് തള്ളിയപ്പോൾ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു.

സുധർമ്മയുടെ നിലവിളി കേട്ട് അയൽവാസികളെത്തി കതക് ചവിട്ടിത്തുറന്നപ്പോഴാണ് കൃപയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Advertisement