പുറ്റിംഗൽ കേസ്: കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം മൂന്നിന്

192
Advertisement

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾക്ക് എതിരേയുള്ള കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം കേൾക്കുന്നതിനായി കേസ് ജൂലൈ മൂന്നിലേക്കു മാറ്റി. കേസിൽ നിന്നു പൂർണമായോ ഭാഗികമായോ ഒഴിവാക്കണമെന്നു കാണിച്ചു പ്രതികൾ നൽകുന്ന അപേക്ഷയുടെ (ഡിസ്ചാർജ് പെറ്റീഷൻ) പകർപ്പ് സ്പെഷൽ പ്രോസിക്യൂട്ടർക്ക് നൽകാനും കോടതി നിർദേശിച്ചു.
വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ചു ക്രൈംബ്രാഞ്ച് സംഘം തയാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിൽ കോടതി വിവിധ വകുപ്പുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ടാണു പ്രാഥമിക വാദം കേൾക്കുന്നത്. പുറ്റിംഗൽ കേസുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയുടെ അധികച്ചുമതല വഹിക്കുന്ന മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി ആന്റണി മുൻപാകെയാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസിൻ്റെ വിചാരണയ്ക്കായി ആരംഭിച്ച പ്രത്യേക കോടതിയിൽ സ്‌ഥിരം ജഡ്‌ജിയെ നാളെ നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.
വെടിക്കെട്ട് അപകടക്കേസിൽ 59 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ വിവിധ ഘട്ടങ്ങളിലായി മരണപ്പെട്ടു. ശേഷിക്കുന്ന 45 പ്രതികളിൽ പത്തനംതിട്ട അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിനെ (അനു) പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു 44 പ്രതികൾക്കെതിരെയാണ് വിചാരണ നടപടികൾ തുടങ്ങാൻ പോകുന്നത്. 2010 ഏപ്രിൽ 10നു പുലർച്ചെ രണ്ടിനായിരുന്നു വെടിക്കെട്ട് അപകടം. 110 പേര മരിക്കുകയും 656 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്..
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ  കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.

Advertisement