കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. മീനാട്, താഴം നോര്‍ത്ത്, ഇത്തിക്കര വയലില്‍ പുത്തന്‍ വീട്ടില്‍, സുധിന്‍ (23) ആണ് കരുതല്‍ തടങ്കലിലായത്. ഇയാള്‍ 2021 മുതലുള്ള കാലയളവില്‍ ചടയംമഗലം, ചാത്തന്നൂര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. കൊലപാതകം, വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, നരഹത്യാശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കവര്‍ച്ച എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.