കൊല്ലം: പ്രമുഖ അഭിഭാഷകനെയും മുൻ ബാങ്ക് ജീവനക്കാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അച്ഛൻ അഡ്വ. പി.ശ്രീനിവാസ പിള്ളയും മകൻ വിഷ്ണു.എസ്.പിള്ളയും തമ്മിൽ വഴക്ക് പതിവായിരുന്നു. വിഷ്ണു ചില മാനസിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വഴക്കിനിടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാകാനാണ് സാദ്ധ്യതയെന്നും മറ്റ് ദുരൂഹതകളൊന്നും സംഭവത്തിൽ ഇല്ലെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. അതേസമയം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദ്ദേഹം ഇന്നലെ വൈകിട്ടോടെ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ 28 ന് ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മുതൽ വിളിച്ചിട്ടും ശ്രീനിവാസപിള്ളയും വിഷ്ണുവും ഫോൺ എടുക്കാഞ്ഞതോടെ ശ്രീനിവാസപിള്ളയുടെ മകൾ വിദ്യയും ഭർത്താവും ഭാര്യ രമയും തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. ജന്നാലയിലൂടെ നോക്കിയപ്പോൾ ശ്രീനിവാസപിള്ളയെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടു. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ വിഷ്ണു.എസ്.പിള്ളയുടെ മൃതദേഹം കിടപ്പുമുറിയിലെ തറയിൽ രക്തത്തിൽ കുളിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.