കൊട്ടാരക്കര : എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ് പറഞ്ഞു. മാറനാട് ഇലഞ്ഞിക്കോട് ഗവ. കോ – ഓപ്പറേറ്റിവ് എൽ പി സ്കൂളിലെ അധ്യാപകനായ റെജി കുമാർ നെ അകാരണമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) കൊട്ടാരക്കര ഉപജില്ലാ സമിതി എഴുകോണിൽ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൃഷിക്കാരും, തെരുവ് നായ്ക്കളടക്കമുള്ള പ്രശ്നങ്ങളിൽ സാധാരണ ജനങ്ങളും ദുരിതമനുഭവിക്കുമ്പോൾ യാതൊരു ആശ്വാസവും നൽകാൻ പഞ്ചായത്ത് ഭരണസമിതിക്കായില്ല. ഈ ജാള്യത മറയ്ക്കാനാണ് പഞ്ചായത്ത് പ്രസിഡണ്ട് ഇത്തരം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും രാജി പ്രസാദ് കുറ്റപ്പെടുത്തി.കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.
അടിയന്തിരാവസ്ഥക്കാലത്ത് ഭരണഘടനയെ അസ്ഥിരപ്പെടുത്തി പൗരാവകാശങ്ങൾ പരിപൂർണ്ണമായി ഹനിച്ച ഇന്ദിരാഗാന്ധിയുടെ ആത്മാവ് കുടിയേറിയ കോൺഗ്രസുകാർ ഇപ്പോഴും നാട്ടിലുണ്ടെന്നതിൻ്റെ തെളിവാണ് സർക്കാർ സ്കൂളധ്യാപകനെ അനാവശ്യമായി സസ്പെൻഡ് ചെയ്ത എഴുകോൺ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നു’മായിരുന്നു കോൺഗ്രസുകാരുടെ അടിയന്തിരാവസ്ഥക്കാലത്തെ പ്രചാരണം. മിസ, ഡി ഐ ആർ തുടങ്ങിയ കരിനിയമങ്ങൾ സാധാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു. ലക്ഷണമൊത്ത സ്വേച്ചാധിപതിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നയാളാണ് താനെന്ന്, ആദരിച്ചില്ലെന്ന കാരണത്താൽ സർക്കാർ സ്കൂളധ്യാപകനെ സസ്പെൻഡ് ചെയ്തതിലൂടെ പ്രസിഡണ്ട് തെളിയിച്ചിരിക്കുകയാണ്. കാരണഭൂതനെന്നും മറ്റും വിശേഷിപ്പിച്ച് തിരുവാതിരകളിയിൽ മുഖ്യമന്ത്രിയെ വാഴ്ത്തി പാടിയതുപോലെ തന്നെയും വാഴ്ത്തി പാടണമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് ആഗ്രഹിക്കുന്നത്. പി എസ് സി പരീക്ഷ പാസായി സർക്കാർ സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ പഞ്ചായത്ത് പ്രസിഡണ്ടിന് യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എന്ന് കെ ദിലീപ് കുമാർ അധ്യക്ഷനായിരുന്നു.
ദേശീയ അധ്യാപക സംസ്ഥാന വൈസ് പ്രസിഡന്റ് പാറക്കോട് ബിജു , NGO സംഘ് സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണപിള്ള, FETO ജില്ല സെക്രട്ടറി അർക്കന്നൂർ രാജേഷ്, സംസ്ഥാന സമിതി അംഗങ്ങളായ റ്റി.ജെ ഹരികുമാർ,ആർ ജകൃഷ്ണൻ,ജില്ലാ സെക്രട്ടറി എസ് കെ ദീപു കുമാർ,ജില്ല വനിതാ വിഭാഗം കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത്,ജില്ല വൈസ് പ്രസിഡണ്ട് കെ ആർ സന്ധ്യകുമാരി,പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ബാബു പിള്ള,ബിജെപി നെടുവത്തൂർ മണ്ഡലം പ്രസിഡണ്ട് ശ്രീനിവാസൻ എം, BJPപഞ്ചായത്ത് പ്രസിഡണ്ട് സുജിത്ത് ആർ. റ്റി , BJP മണ്ഡലം സെക്രട്ടറി എസ്. സാബു എന്നിവർ പ്രസംഗിച്ചു.
ജില്ലാസെക്രട്ടറി എ അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ കൃതജ്ഞതയും അർപ്പിച്ചു.