എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ ഉന്നതതല ഐ.എ.എസ് പ്രതിനിധികള്‍ ജില്ല സന്ദര്‍ശിക്കുന്നു

913
Advertisement

‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പദ്ധതിയിലൂടെ കേരളം നേടിയ പുരോഗതിയും മാറ്റങ്ങളും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായി ഐ.എ.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉന്നതതലസംഘം ജൂണ്‍ 28ന് ജില്ല സന്ദര്‍ശിക്കും. രാവിലെ ഒമ്പതിന് മീനാട് സ്മാര്‍ട് വില്ലേജ് സന്ദര്‍ശിക്കും. 10ന് കലക്ടറേറ്റില്‍ ജില്ലാ കലക്ടറുമായി ചേരുന്ന യോഗത്തില്‍ ജില്ലയുടെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. തുടര്‍ന്ന് ആദിനാട് വില്ലേജ് ഡിജിറ്റല്‍ ക്യാമ്പ് ഓഫീസ് സന്ദര്‍ശിക്കും.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ”എന്റെ ഭൂമി” ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 12 വില്ലേജുകളുടെയും (ഇടമണ്‍, പുനലൂര്‍, വാളക്കോട്, തലവൂര്‍, പത്തനാപുരം, വിളക്കുടി, കുലശേഖരപുരം, കല്ലേലിഭാഗം, തൊടിയൂര്‍, മങ്ങാട്, കിളികൊല്ലൂര്‍, കൊറ്റംകര) ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി സര്‍വെ അതിരടയാളം 9(2) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മങ്ങാട് വില്ലേജിന്റെ 9(2) ല്‍ ലഭ്യമായ പരാതികള്‍ കൂടി പരിഹരിച്ച് സര്‍വെ റിക്കാര്‍ഡുകള്‍ അന്തിമമാക്കി റവന്യൂ ഭരണത്തിന് കൈമാറി. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 18 വില്ലേജുകളിലും സര്‍വെ ആരംഭിച്ചു. അറയ്ക്കല്‍, പനയം, ഇരവിപുരം, തേവലക്കര, മൈനാഗപ്പള്ളി, കരുനാഗപ്പള്ളി, മീനാട്, തൃക്കരുവ, പള്ളിമണ്‍ എന്നീ ഒമ്പത് വില്ലേജുകളുടെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി 9(2) പ്രസിദ്ധീകരിച്ചു. മൂന്നാം ഘട്ടത്തില്‍ പൂയപ്പള്ളി, ചിറക്കര, ആദിനാട്, എഴുകോണ്‍, തൃക്കോവില്‍വട്ടം വില്ലേജുകളില്‍ സര്‍വെ തുടങ്ങി. 13 വില്ലേജുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങളെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്‌കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക ഭരണ നേട്ടങ്ങളും അവതരിപ്പിക്കുകയാണ് ലക്ഷ്യം.
(പി.ആര്‍.കെ നമ്പര്‍ 1727/2025)

ജില്ലാതല ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.എസ്.ഐ.എ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ അധ്യക്ഷനായി. സംരംഭക മേഖലയില്‍ ജില്ലയില്‍ മികവ് തെളിയിച്ച മുതിര്‍ന്ന സംരംഭകര്‍, പരമ്പരാഗത കരകൗശല മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍മാര്‍, കെ.എസ്.എസ്.ഐ.എ പ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. വ്യവസായ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, കൈത്താങ്ങ് സേവനങ്ങള്‍ സംബന്ധിച്ച് ഉപജില്ലാ വ്യവസായ ഓഫീസര്‍ പി.എസ്.കണ്ണനുണ്ണി, ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് കെ-സ്വിഫ്റ്റ് പ്രോജക്ട് എക്‌സിക്യൂട്ടീവ് ജെ.എസ്. ദീപു എന്നിവര്‍ ക്ലാസ് നയിച്ചു. മുന്‍ ലീഡ് ജില്ലാ മാനേജര്‍ പത്മകുമാര്‍, ലീഡ് ബാങ്ക് പ്രതിനിധി അശ്വിന്‍ എന്നിവര്‍ ബാങ്കിംഗ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിവരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ ഇ.ഡി. ക്ലബ്ബുകളിലെ വിദ്യാര്‍ഥികള്‍ നൂതന പ്രോജക്ടുകളും ആശയങ്ങളും അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഐ.ജസീം, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍, ഡി.പി. അസോസിയേഷന്‍ പ്രസിഡന്റ് എന്‍.വിജയകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബിനു ബാലകൃഷ്ണന്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement