കൊല്ലം ആശ്രാമം ഇഎസ്‌ഐ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുവാന്‍ തീരുമാനം

2118
Advertisement

കൊല്ലം: ആശ്രാമം ഇഎസ്‌ഐ മോഡല്‍ ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുവാന്‍ ഇന്ന് ഷിംലയില്‍ ചേര്‍ന്ന ഇഎസ്‌ഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികള്‍ക്കായി പാരിപ്പള്ളിയില്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റം മൂലം സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്‍കിയ സാഹചര്യത്തില്‍ കൊല്ലത്തിന് പുതിയ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് എന്ന ആവശ്യം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉന്നയിച്ചിരുന്നു. ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രി തത്വത്തില്‍ അംഗീകരിച്ചിരുന്നു.
ഇന്ന് ഷിംലയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയും ഇ.എസ്.ഐ ഡയയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മണ്‍സുഖ് മണ്ഡാവ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കൊല്ലം ഉള്‍പ്പെടെ 10 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കൊല്ലം ആശ്രാമം ഉള്‍പ്പെടെ ഗോവയില്‍ മഡ്‌ഗോവ, ഹരിയാനയില്‍ മനേസര്‍, ഗുജരാത്തിലെ സൂറാട്ട്, ഒഡീഷയിലെ അന്‍ഡൗറ, വെസ്റ്റ് ബംഗാളിലെ അസാന്‍സോള്‍, മഹാരാഷ്ട്രയില്‍ ബിബേവാഡി, നാഗപൂര്‍, ഉത്തര്‍പ്രദേശിലെ പാന്‍ഡു നഗര്‍, ആന്‍ധ്രാ പ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റ് 9 മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കൊല്ലത്തെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുളള തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയാണ് ആശ്രാമം ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജിന് കൂടുതലായി ആവശ്യമായ ഭൂമിക്കായി പാര്‍വ്വതി മില്ലിന്റെ സ്ഥലം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയും, തൊഴില്‍ വകുപ്പ് സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് പാര്‍വ്വതിമില്ലുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ തീര്‍പ്പാക്കല്‍ വേഗതയിലാക്കാന്‍ കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു കഴിഞ്ഞു. നിലവില്‍ 250 കിടക്കകളുളള ആശുപത്രിയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കുളള സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങളും മെഡിക്കല്‍ കോളേജ് നിലവാരത്തിലുളള തുടര്‍ ചികിത്സാ സൗകര്യങ്ങളും ഒരുക്കുവാനുളള അടിസ്ഥാന സൗകര്യ വികസനമാണ് വേണ്ടത്. ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് സത്വരമായി നടപടി പൂര്‍ത്തീയാക്കാന്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സന്നദ്ധമാണ്.
കശുവണ്ടി തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ആറ് മാസക്കാലയളവില്‍ 78 ഹാജര്‍ വേണമെന്ന വ്യവസ്ഥ തൊഴിലാളികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. കശുവണ്ടി മേഖലയിലെ പ്രതിസന്ധി കാരണം ഫാക്ടറികള്‍ അടച്ചിട്ടതിനാല്‍ തൊഴിലാളികളുടെതല്ലാത്ത കാരണങ്ങളാല്‍ ഹാജര്‍ ലഭിക്കാത്തത് പ്രത്യേകമായി പരിഗണിക്കണമെന്നും 6 മാസത്തെ ഹാജര്‍ 78 എന്നത് പകുതിയാക്കി കുറയ്ക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
ആട്ടോറിക്ഷാ തൊഴിലാളികള്‍, ടാക്‌സി തൊഴിലാളികള്‍, അംഗനവാടി വര്‍ക്കേഴ്‌സ്, ആശ വര്‍ക്കേഴ്‌സ്, തയ്യല്‍ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ പരിരക്ഷ നല്‍കണമെന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യുടെ ആവശ്യം പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്ന് മന്ത്രി അറിയിച്ചു.

Advertisement