കൊട്ടാരക്കര. വീണ്ടും തെരുവ് നായ ആക്രമണം. ഗണപതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തനടക്കം നിരവധി പേർക്ക് കടിയേറ്റു. പള്ളിക്കൽ സ്വദേശി പ്രകാശനാണ് ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ നായയുടെ കടിയേറ്റത്. മുസ്ലിം സീറ്റ് സ്വദേശിനി കുഞ്ഞുമോൾ, കെട്ടിട നിർമ്മാണ തൊഴിലാളി സലീം എന്നിവരെയും നായ കടിച്ചു. കാലിലാണ് മിക്കവർക്കും കടിയേറ്റത്. മൂന്നുപേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരേ നായതന്നെയാണന്നാണ് വിവരം. നായയ്ക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം ഗണപതി ക്ഷേത്രത്തിന് സമീപം പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിലെ ജീവനക്കാരനും നായയുടെ കടിയേറ്റിരുന്നു. രണ്ടാഴ്ച മുമ്പാണ് ഗർഭിണിയടക്കം 12 പേരെ കൊട്ടാരക്കരയിൽ തെരുവ് നായ കടിച്ചത്. തെരുവ്നായ ശല്യം ചർച്ച ചെയ്യാൻ നഗരസഭയിൽ ഇന്ന് അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.