കുണ്ടറ : റോഡിന് മധ്യഭാഗത്ത് നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. സംഭവസമയം സമീപത്ത് യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. കരിക്കോട് നിന്നും പേരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ കുറ്റിച്ചിറയിലേക്ക് തിരിയുന്ന മൂന്ന് റോഡുകൾ ചേരുന്ന ഭാഗത്ത് റോഡിന് മധ്യത്തിലാണ് ആൽമരം. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. സമീപത്തെ കോളജുകളിലേയും സ്‌കൂളുകളിലേയും വിദ്യാർഥികളുൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന റോഡിലാണ് അപകടമുണ്ടായത്. മരത്തിന്റെ ശിഖരം വീണ് വൈദ്യുതി ലൈനും ഇലക്ട്രിക് പോസ്റ്റും ഉൾപ്പടെ തകർന്നു. ഇതുമൂലം വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് മരംമുറിച്ചുനീക്കിയത്.