കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിൽ 28 മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ നടക്കും. വിചാരണയ്ക്കായി കൊല്ലം മൂന്നാം അഡിഷണൽ സെഷൻസ് ജഡ്ജി ആന്റണിയെ ഹെെക്കോടതി താത്ക്കാലികമായി നിർദേശിച്ചു.
കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 30ാം പ്രതി അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിന്റെ (അനു) ജാമ്യക്കാർക്ക് പിഴത്തുക കെട്ടിവക്കുന്നതിനായി ഉത്തരവായതിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം ജാമ്യക്കാരി പെരുങ്കുഴി മല്ലപ്പാലം കൈലാസിൽ അജിത തുക അടച്ചു. രണ്ടാം ജാമ്യക്കാരനായ കരുനാഗപ്പള്ളി മണപ്പള്ളി ഗോകുൽ ഭവനിൽ ഗോപിനാഥൻ തുക അടയ്ക്കുന്നതിന് നിർവാഹമില്ലെന്ന് കാണിച്ച് അപേക്ഷ സമർപ്പിച്ചു. കേസ് പിഴ തുക അടയ്ക്കുന്നതിലേക്ക് 28 ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രതികളെല്ലാം ഈ ദിവസം ഹാജരാകാനും കോടതി നിർദേശം നൽകി.
പ്രോസിക്യൂഷനു വേണ്ടി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.